16 തികയാതെ സോഷ്യൽ മീഡിയ വേണ്ട; ഓസ്ട്രേലിയയിൽ നിയമം
Friday, November 29, 2024 11:37 PM IST
കാൻബറ: പതിനാറു വയസിനു താഴെയുള്ളവർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതു നിരോധിച്ച് ഓസ്ട്രേലിയൻ സർക്കാർ നിയമം പാസാക്കി.
ലോകത്താദ്യമായിട്ടാണ് ഇത്തരമൊരു നിയമം. കുട്ടികൾ തങ്ങളുടെ സേവനം ഉപയോഗിക്കുന്നില്ല എന്നുറപ്പാക്കേണ്ടതു സോഷ്യൽ മീഡിയ കന്പനികളാണ്. നിയമം നടപ്പാക്കാൻ കന്പനികൾക്ക് ഒരു വർഷത്തെ സമയം നല്കി.
വൻ ഭൂരിപക്ഷത്തിലാണ് ഓസ്ട്രേലിയൻ പാർലമെന്റ് നിയമം പാസാക്കിയത്. കുട്ടികളെക്കുറിച്ച് ഉത്കണ്ഠയുള്ള രക്ഷിതാക്കൾക്കുവേണ്ടിയാണു നിയമമെന്നു പ്രധാനമന്ത്രി ആന്റണി ആൽബനീസ് പറഞ്ഞു.
നിയമം ലംഘിക്കുന്ന കന്പനികൾക്ക് 50 കോടി ഓസ്ട്രേലിയൻ ഡോളർ പിഴ ലഭിക്കാം. നിയമം ലംഘിക്കുന്ന കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും പിഴയില്ല. ഉപയോക്താക്കളുടെ പ്രായം സ്ഥിരീകരിക്കാൻ തിരിച്ചറിയൽ കാർഡ് പോലുള്ള രേഖകൾ ആവശ്യപ്പെടാനും കന്പനികൾക്ക് അവകാശമുണ്ടാകില്ല.
നിയമം നടപ്പാക്കുന്നതിൽ വൈഷമ്യം നേരിട്ടേക്കാമെന്നു ഫേസ്ബുക്ക്, ടിക്ടോക് കന്പനികൾ പ്രതികരിച്ചു.