എഫ്ബിഐ തലപ്പത്ത് ഇന്ത്യൻ വംശജൻ ; കാഷ് പട്ടേലിന് ഡയറക്ടർ പദവി
Monday, December 2, 2024 4:09 AM IST
വാഷിംഗ്ടൺ ഡിസി: ലോകത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ, ഇന്റലിജൻസ് സംഘടനകളിലൊന്നായ എഫ്ബിഐയെ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) നയിക്കാൻ ഇന്ത്യൻ വംശജായ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുത്തു. എഫ്ബിഐയുടെ ഇന്റലിജൻസ് വിഭാഗത്തെ പിരിച്ചുവിടുമെന്നു പ്രഖ്യാപിച്ചിട്ടുള്ള കാഷ് പട്ടേലിന്റെ നിയമനം സെനറ്റ് അംഗീകരിക്കേണ്ടതുണ്ട്.
ആഫ്രിക്കയിൽനിന്നു കുടിയേറിയ ഗുജറാത്തി കുടുംബത്തിൽ ജനിച്ച പട്ടേൽ ഒന്നാം ട്രംപ് ഭരണകൂടത്തിൽ ദേശീയ സുരക്ഷാസമിതി അംഗമായും നാഷണൽ ഇന്റലിജൻസ് ഡയറക്ടറുടെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ക്രിമിനൽ, അന്താരാഷ്ട്ര നിയമങ്ങളിൽ വിദഗ്ധനാണ്. ഫെഡറൽ പ്രോസിക്യൂട്ടറുമായിരുന്നു.
44 വയസുള്ള പട്ടേൽ ട്രംപിന്റെ വിശ്വസ്തനാണ്. ട്രംപിന്റെ അജൻഡ നടപ്പാക്കാൻ വിസമ്മതിക്കുന്ന എഫ്ബിഐ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്നു പറഞ്ഞിട്ടുണ്ട്. പട്ടേലിന്റെ നിയമനത്തെ ഡെമോക്രാറ്റിക് പാർട്ടിക്കു പുറമേ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയിലെ ചില നേതാക്കളും സെനറ്റിൽ എതിർത്തേക്കുമെന്നാണു സൂചന.
പത്തു വർഷത്തേക്കാണ് എഫ്ബിഐ ഡയറക്ടറുടെ നിയമനം. ഇപ്പോഴത്ത ഡയറക്ടർ ക്രിസ്റ്റഫർ റേയ്ക്ക് 2027 വരെ കാലാവധിയുണ്ട്. മുൻ ഭരണകാലത്ത് ട്രംപാണ് അദ്ദേഹത്തെ നിയമിച്ചത്. റേയുടെ കാലത്ത് രഹസ്യരേഖാ കേസിൽ എഫ്ബിഐ ട്രംപിന്റെ മാർ എ ലാഗോ റിസോർട്ട് വസതിയിൽ റെയ്ഡ് നടത്തിയിരുന്നു.