ആലെപ്പോ നഗരം വിമതർ പിടിച്ചു; സിറിയൻ സേന പിന്‍വാങ്ങി
Saturday, November 30, 2024 11:24 PM IST
ഡമാസ്കസ്: സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലെപ്പോയുടെ ഭൂരിഭാഗവും അസാദ് ഭരണകൂടത്തെ എതിർക്കുന്ന ഹയാത് തഹ്രീർ അൽ ഷാം (എച്ച്ടിഎസ്) തീവ്രവാദ സംഘടന നേതൃത്വം നല്കുന്ന വിമതർ പിടിച്ചെടുത്തു.
പ്രത്യാക്രമണത്തിനു മുന്നോടിയായി നഗരത്തിൽനിന്നു പിൻവാങ്ങിയതായി സിറിയൻ സേന അറിയിച്ചു. നഗരത്തിലേക്കുള്ള റോഡുകളും നഗരത്തിലെ വിമാനത്താവളവും അടച്ചു.
ഏറ്റുമുട്ടലുകളിൽ മുന്നൂറിലധികം പേർ കൊല്ലപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി സംഘടന അറിയിച്ചു. ഡസൻകണക്കിനു സൈനികർ മരിച്ചതായി സിറിയൻ സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.
ബുധനാഴ്ച ആക്രമണം ആരംഭിച്ച വിമതർ കാര്യമായ ചെറുത്തുനിൽപ്പില്ലാതെയാണു മുന്നേറുന്നതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.
ആലെപ്പോയിലെ പോലീസ് സ്റ്റേഷനുകളും ഇന്റലിജൻസ് ഓഫീസുകളും അടഞ്ഞുകിടക്കുകയാണ്. സിറിയയെ സഹായിക്കുന്ന റഷ്യൻ സേന വിമതരെ ലക്ഷ്യമിട്ട് വ്യോമാക്രമണം ആരംഭിച്ചിട്ടുണ്ട്.
2011ലെ ജനകീയ പ്രക്ഷോഭത്തിനു പിന്നാലെ സിറിയയിൽ ആരംഭിച്ച ആഭ്യന്തരയുദ്ധത്തിൽ അഞ്ചു ലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. പ്രസിഡന്റ് ബഷാർ അൽ അസാദിനെ എതിർക്കുന്ന വിമതരെ തോൽപ്പിക്കുന്നതിൽ റഷ്യയും ഇറാനും ലബനനിലെ ഹിസ്ബുള്ളയും സഹായിച്ചിരുന്നു. 2016നു ശേഷം ആദ്യമായാണ് വിമതർ ആലപ്പോയിൽ പ്രവേശിക്കുന്നത്.
അമേരിക്കയടക്കം തീവ്രവാദികളായി മുദ്രകുത്തിയിട്ടുള്ള എച്ച്ടിഎസ് സംഘടന ഇദ്ലിബ് പ്രവിശ്യ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. 2020ൽ സിറിയയും തുർക്കിയും മുൻകൈയെടുത്ത് ഇദ്ലിബിൽ വെടിനിർത്തലുണ്ടാക്കിയിരുന്നു.
കഴിഞ്ഞദിവസങ്ങളിലെ വിമത മുന്നേറ്റത്തെത്തുടർന്ന് റഷ്യൻ യുദ്ധവിമാനങ്ങൾ ഇദ്ലിബിൽ വീണ്ടും വ്യോമാക്രമണം ആരംഭിച്ചു.
ഇസ്രേലി ആക്രമണത്തിൽ ഇറാനും ഹിസ്ബുള്ളയും ദുർബലമായതാണ് സിറിയൻ വിമതർ ശക്തിപ്പെടാൻ കാരണമെന്ന അനുമാനമുണ്ട്.