ഇറാനുമായുള്ള ബന്ധം ഉപേക്ഷിച്ചാൽ സിറിയയ്ക്ക് എതിരായ ഉപരോധങ്ങൾ പിൻവലിക്കാൻ നീക്കം
Tuesday, December 3, 2024 1:49 AM IST
ദുബായ്: ഇറാനുമായുള്ള ബന്ധം അവസാനിപ്പിച്ചാൽ സിറിയയിലെ അസാദ് ഭരണകൂടത്തിനെതിരായ ഉപരോധങ്ങൾ നീക്കാൻ അമേരിക്ക തയാറായേക്കുമെന്ന് റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇറാനിൽനിന്ന് ലബനനിലെ ഹിസ്ബുള്ളയ്ക്ക് ആയുധമെത്തിക്കാൻ സിറിയൻ ഭൂമി ഉപയോഗിക്കുന്നതും അസാദ് ഭരണകൂടം അവസാനിപ്പിക്കണം. അമേരിക്കയും യുഎഇയും ഇക്കാര്യം ചർച്ച ചെയ്തു.
സിറിയൻ വിമതർ ആലെപ്പോ നഗരം പിടിച്ചെടുക്കാൻ ആക്രമണം തുടങ്ങുന്നതിനു മുന്പാണ് ചർച്ചകൾ നടന്നത്. സിറിയയ്ക്കെതിരായ ഉപരോധങ്ങൾ നീക്കുന്നതിൽ ഇസ്രയേലിനും എതിർപ്പില്ലെന്നാണു സൂചന.
അതേസമയം, ഇറാനെ ഒഴിവാക്കാൻ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസാദ് തയാറാകുമോ എന്നതിൽ വ്യക്തതയില്ല. വിമതരെ നേരിടുന്നതിൽ അസാദിന് ഇറാൻ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
2011 ലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ തുടങ്ങിയപ്പോഴാണ് അമേരിക്കൻ ഭരണകൂടം സിറിയയ്ക്കെതിരേ ഉപരോധങ്ങൾ ചുമത്താൻ തുടങ്ങിയത്.