ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്
Monday, December 2, 2024 4:09 AM IST
ടെൽ അവീവ്: ഗാസയിൽ കസ്റ്റഡിയിലുള്ള ഇസ്രേലി-അമേരിക്കൻ ബന്ദി ഈഡൻ അലക്സാണ്ടറുടെ (20) വീഡിയോ ഹമാസ് ഭീകരർ പുറത്തുവിട്ടു. തന്നെ മോചിപ്പിക്കാൻ യുഎസിലെ നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇടപെടണമെന്ന് ഇദ്ദേഹം വീഡിയോയിൽ അഭ്യർഥിക്കുന്നു.
മൂന്നു മിനിറ്റ് വീഡിയോയിൽ സ്വയം പരിചയപ്പെടുത്തുന്ന ഈഡൻ തുടർന്ന് കുടുംബത്തെയും ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയും അഭിസംബോധന ചെയ്യുന്നു.
വീഡിയോ പ്രതീക്ഷ നല്കുന്നതാണെന്നു ടെൽ അവീവിലുള്ള ഈഡന്റെ കുടുംബം പറഞ്ഞു. അതേസമയം, മകന്റെ ദുരവസ്ഥയിൽ ഈഡന്റെ അമ്മ യേൽ അലക്സാണ്ടർ ദുഃഖം പ്രകടിപ്പിച്ചു.
ക്രൂമായ സൈക്കോളജിക്കൽ നീക്കമാണു വീഡിയോയിലൂടെ ഹമാസ് നടത്തിയതെന്ന് നെതന്യാഹു പ്രതികരിച്ചു. ഈഡന്റെ കുടുംബത്തെ ഫോണിൽ ബന്ധപ്പെട്ടെന്നും ബന്ദി മോചനത്തിന് ഇസ്രേലി സർക്കാർ വിശ്രമമില്ലാതെ പരിശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈനികനായ ഈഡനെ 2023 ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിനിടെയാണു തട്ടിക്കൊണ്ടുപോയത്. ഇദ്ദേഹമടക്കം 101 ബന്ദികൾ ഗാസയിലുണ്ട്. ഇതിൽ കുറേപ്പേർ മരിച്ചിരിക്കാമെന്നാണ് അനുമാനം.