സിറിയ: വിമതകേന്ദ്രങ്ങളിൽ റഷ്യൻ വ്യോമാക്രമണം
Tuesday, December 3, 2024 1:49 AM IST
ഡമാസ്കസ്: സിറിയയിലെ വിമത ശക്തികേന്ദ്രമായ ഇദ്ലിബിൽ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ നടത്തിയ ബോംബാക്രമണത്തിൽ 25 പേർ കൊല്ലപ്പെട്ടു.
ഇദ്ലിബ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹയാത് തഹ്രീർ അൽഷാം (എച്ച്ടിഎസ്) എന്ന തീവ്രവാദ സംഘടനയുടെ നേതൃത്വത്തിലുള്ള വിമതർ ആലെപ്പോ നഗരം പിടിച്ചെടുത്തതിനു പിന്നാലെ റഷ്യൻ, സിറിയൻ യുദ്ധവിമാനങ്ങൾ ആക്രമണം ശക്തമാക്കുകയായിരുന്നു.
നവംബർ 27 മുതൽ ഇദ്ലിബിൽ നടക്കുന്ന വ്യോമാക്രമണങ്ങളിൽ മരണം 56 ആയി. ഇതിൽ 20 കുട്ടികൾ ഉൾപ്പെടുന്നു. ജനവാസ കേന്ദ്രങ്ങളിൽ ആക്രമണം ഉണ്ടായതായി ഇദ്ലിബ് വാസികൾ പറഞ്ഞു.
എച്ച്ടിഎസും തുർക്കിയുടെ പിന്തുണയുള്ള വിമത പോരാളികളും ആലെപ്പോ നഗരത്തിൽനിന്നു ഹമാ പ്രവിശ്യ ലക്ഷ്യമിട്ടു നീങ്ങുകയാണ്. ആലെപ്പോയിൽനിന്നു പിന്മാറിയ സിറിയൻ സേന പ്രത്യാക്രമണം ആരംഭിച്ചിട്ടുണ്ട്. ചില പട്ടണങ്ങൾ വിമതരിൽനിന്നു തിരിച്ചുപിടിച്ചതായി സിറിയൻ സേന അറിയിച്ചു.