ചൈനീസ് മാധ്യമപ്രവർത്തകന് ഏഴു വർഷം തടവ്
Friday, November 29, 2024 11:37 PM IST
ബെയ്ജിംഗ്: ചാരവൃത്തിക്കുറ്റം ചുമത്തപ്പെട്ട മുതിർന്ന മാധ്യമപ്രവർത്തകൻ ഡോംഗ് യുയുവിനു ചൈനീസ് കോടതി ഏഴു വർഷം തടവുശിക്ഷ വിധിച്ചു.
കമ്യൂണിസ്റ്റ് പാർട്ടിയുടെ നിയന്ത്രണത്തിലുള്ള ഗുവാംഗ്മിൻ ഡെയ്ലി പത്രത്തിൽ ഡെപ്യൂട്ടി എഡിറ്ററായിരുന്ന ഇദ്ദേഹത്തെ 2022 ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. ജാപ്പനീസ് നയതന്ത്ര ഉദ്യോഗസ്ഥനുമായി ഉച്ചഭക്ഷണം കഴിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ജാപ്പനീസ് ഉദ്യോഗസ്ഥൻ വിദേശ ചാരസംഘടനയുടെ ഏജന്റായിരുന്നുവെന്നും ആരോപിക്കപ്പെട്ടു. അദ്ദേഹത്തെ മണിക്കൂറുകൾ കസ്റ്റഡിയിൽ വച്ചിരുന്നു.
തെളിവില്ലാതെയാണ് ബെയ്ജിംഗ് കോടതി ഡോംഗിനെ ശിക്ഷിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചു.
അറുപത്തിരണ്ടുകാരനായ ഡോംഗ് പതിവായി വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെയും മാധ്യമപ്രവർത്തകരെയും കണ്ടിരുന്നു. ജപ്പാനിലെ സർവകലാശാലകളിൽ വിസിറ്റിംഗ് പ്രഫസറുമായിരുന്നു.