മക്രോൺ നോത്ര്ദം സന്ദർശിച്ചു
Friday, November 29, 2024 11:37 PM IST
പാരീസ്: അഗ്നിബാധയെത്തുടർന്നു പുനർനിർമിച്ച് വെഞ്ചരിപ്പിനൊരുങ്ങുന്ന പാരീസിലെ നോത്ര്ദാം കത്തീഡ്രൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സന്ദർശിച്ചു.
ഭാര്യ ബ്രിജിത്ത്, പാരീസ് ആർച്ച്ബിഷപ് ലോറന്റ് ഉൾറിച്ച് എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടർന്ന് മക്രോൺ നവീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായ തൊഴിലാളികളെ അഭിസംബോധന ചെയ്തു.
മക്രോണിന്റെ പള്ളി സന്ദർശനം ടിവിയിൽ സംപ്രേഷണം ചെയ്തു. നവീകരിച്ച പള്ളിയുടെ ഉൾഭാഗം പുറംലോകത്തെ കാണിക്കുന്നത് ഇതാദ്യമായിട്ടാണ്.
ഡിസംബർ ഏഴ് ശനിയാഴ്ച പള്ളി ഔദ്യോഗികമായി തുറക്കും. ഞായറാഴ്ച ആദ്യ വിശുദ്ധ കുർബാനയർപ്പണം നടക്കും.
ഫ്രഞ്ച് ഗോഥിക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി അറിയപ്പെടുന്ന പള്ളിയിൽ 2019 ഏപ്രിൽ 15നാണു തീപിടിത്തമുണ്ടായത്. അമൂല്യമായ തിരുശേഷിപ്പുകൾക്കും കലാവസ്തുക്കൾക്കും നാശമുണ്ടായി. പള്ളിയിലെ സ്തൂപികയും മേൽക്കൂരയും തകർന്നു.
അഞ്ചു വർഷത്തിനകം പള്ളി പുനർനിർമിക്കുമെന്ന് മക്രോൺ അന്നു പ്രഖ്യാപിച്ചിരുന്നു. സൈനികമേധാവിയായിരുന്ന ഷോങ് ലൂയി ജോർജലിന് ആയിരുന്നു പുനർനിർമാണത്തിന്റെ മേൽനോട്ടച്ചുമതല.
2023ൽ ഇദ്ദേഹം മരിച്ചപ്പോൾ ഫിലിപ്പെ ജോസ്റ്റിനു മേൽനോട്ടച്ചുമതല ലഭിച്ചു. അഞ്ചുവർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഷോങ് ലൂയി ജോർജലിനാണ്.
കെട്ടിടനിർമാണത്തൊഴിലാളികൾ, മരപ്പണിക്കാർ, കലാവിദഗ്ധർ, എൻജിനിയർമാർ തുടങ്ങിയവരടക്കം 2000 പേർ നോത്ര്ദാം പള്ളി പുനർനിർമാണത്തിൽ പങ്കാളികളായി.