ലോകത്തെ ഭരിക്കേണ്ടത് സമാധാനമെന്ന് സർവമത സമ്മേളനം
Monday, December 2, 2024 6:35 AM IST
വത്തിക്കാൻ സിറ്റി: ലോകത്തെ ഭരിക്കേണ്ടത് സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ വത്തിക്കാനിൽ നടക്കുന്ന സർവമത സമ്മേളനം ആഹ്വാനം ചെയ്തു. ‘നല്ല മനുഷ്യത്വത്തിനായി മതങ്ങൾ ഒരുമിച്ച്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ വൈദികർക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ അധ്യക്ഷൻ കർദിനാൾ ലസാറോ യു ഹ്യുയുംഗ് സിക് ഉദ്ഘാടനം ചെയ്തു.
അഗസ്റ്റീനിയാനും സർവകലാശാല ഹാളിൽ നടന്ന സെമിനാറിൽ ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അധ്യക്ഷനായിരുന്നു. ലോകസമാധാനത്തിനാവശ്യം മാനവികതയുടെ ഏകത്വവും സാഹോദര്യവുമാണെന്ന് സ്വാമി സച്ചിദാനന്ദ പറഞ്ഞു. മതം, രാഷ്ട്രം, ഭാഷ മുതലായ അതിർവരമ്പുകളില്ലാത്ത മാനവികതയുടെ ഏകത്വമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെമിനാറിൽ നിയുക്ത കർദിനാൾ ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട്, ശിവഗിരിമഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, കർണാടക സ്പീക്കർ യു.ടി. ഖാദർ ഫരീദ്, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സമിതി ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎ, ശിവഗിരി തീർത്ഥാടനം ചെയർമാൻ കെ. മുരളി, സഞ്ജീവനി വെൽനെസ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ രഘുനാഥൻ നായർ, കെ.ജി.ബാബുരാജൻ, ഗ്യാനി രഞ്ജിത് സിംഗ്, ഫാ. ഡേവിസ് ചിറമ്മൽ, സ്വാമി ശുദ്ധാനന്ദഗിരി, ഫാ. മിഥുൻ ജെ. ഫ്രാൻസിസ്, റവ. ഡോ. ജോർജ് മൂത്തോലിൽ, കുണ്ഡേലിങ് തത്സക് റിമ്പോച്ചെ, സ്വാമിനി സുധാനന്ദഗിരി, ഡോ. ലോറന്റ് ബാസനീസ്, ആന്റണി ബ്രൗൺ, ഫാ. ബെൻ ബോസ് തുടങ്ങിയവർ വിവിധ സെഷനുകളിൽ പ്രസംഗിച്ചു.
എംഎൽഎമാരായ സജീവ് ജോസഫ്, സനീഷ് കുമാർ ജോസഫ്, പി.വി. ശ്രീനിജൻ, മാർത്തോമ്മാ സഭ അൽമായ ട്രസ്റ്റി അഡ്വ. ആൻസിൽ കോമാട്ട് തുടങ്ങി ഇരുനൂറോളം പ്രതിനിധികൾ പങ്കെടുത്തു. ദൈവദശകം ഇറ്റാലിയൻ ഭാഷയിൽ ആലപിച്ചാരംഭിച്ച സെമിനാർ സ്വാമി ഋതംഭരാനന്ദയുടെ സർവമത പ്രാർഥനയോടെയാണ് സമാപിച്ചത്.