ജോർജിയയിൽ പ്രക്ഷോഭം
Friday, November 29, 2024 11:37 PM IST
ടിബ്ലിസി: ജോർജിയയിൽ റഷ്യാ അനുകൂല സർക്കാർ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള നടപടികൾ വൈകിക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ജനകീയ പ്രക്ഷോഭം. വ്യാഴാഴ്ച തലസ്ഥാനമായ ടിബ്ലിസിയിൽ റാലി നടത്തിയവർക്കു നേരേ പോലീസ് കുരുമുളക് സ്പ്രേയും ജലപീരങ്കിയും പ്രയോഗിച്ചു.
റഷ്യന്‍ അനുകൂല ജോർജിയൻ ഡ്രീം പാർട്ടി ഭരണം നിലനിർത്തിയ കഴിഞ്ഞമാസത്തെ തെരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടു നടന്നെന്നും വീണ്ടും തെരഞ്ഞെടുപ്പു നടത്തണമെന്നും യൂറോപ്യൻ യൂണിയൻ വ്യാഴാഴ്ച ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണു ജോർജിയൻ പ്രധാനമന്ത്രി ഇറാകിൽ കോബാഷിദ്സെ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള നടപടികൾ 2028 വരെ വൈകിക്കുമെന്നു പ്രഖ്യാപിച്ചത്.
പ്രക്ഷോഭകരുമായുള്ള സംഘർഷത്തിൽ 32 പോലീസുകാർക്കു പരിക്കേറ്റതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 43 പ്രക്ഷോഭകരെ കസ്റ്റഡിയിലെടുത്തു.