വിയറ്റ്നാം കോടീശ്വരി ട്രുവോംഗ് മൈ ലാന്റെ വധശിക്ഷ കോടതി ശരിവച്ചു
Wednesday, December 4, 2024 1:51 AM IST
ഹാനോയ്: ഭൂമി കുംഭകോണക്കേസിൽ അറസ്റ്റിലായ വിയറ്റ്നാമിലെ റിയൽ എസ്റ്റേറ്റ് കോടീശ്വരിയായ ട്രുവോംഗ് മൈ ലാന്റെ വധശിക്ഷ കോടതി ശരിവച്ചു.
വിയറ്റ്നാമിലെ ഏറ്റവും വലിയ ഭൂമികുംഭകോണക്കേസിനെ തുടർന്ന് സാന്പത്തിക മേഖല പ്രതിസന്ധിയിലായിരുന്നു. വിയറ്റ്നാമിൽ വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന അപൂർവം വനിതകളിൽ ഒരാളാണ് മൈ ലാൻ.
1250 കോടി യുഎസ് ഡോളറിന്റെ തട്ടിപ്പിനെത്തുടർന്ന് കഴിഞ്ഞ ഏപ്രിലിലാണ് മൈ ലാനെ വധശിക്ഷയ്ക്കു വിധിച്ചത്. വാൻ തിൻ ഫാറ്റ് എന്ന റിയൽ എസ്റ്റേറ്റ് കന്പനിയുടെ ചെയർപേഴ്സണായ സൈഗോൺ ജോയിന്റ് സ്റ്റോക്ക് കൊമേഴ്സ്യൽ ബാങ്കിനെ പിൻവാതിലിലൂടെ നിയന്ത്രിക്കുന്ന സമയത്ത് 2012നും 2022നും ഇടയിൽ 2700 കോടി ഡോളർ നഷ്ടമുണ്ടാക്കിയ 2500 വായ്പകൾ നല്കിയെന്നാണ് ആരോപണം.
വധശിക്ഷയ്ക്കെതിരേ മൈ ലാൻ നല്കിയ അപ്പീൽ ഹോ ചി മിൻ കോടതിയാണു നിരസിച്ചത്. എന്നാൽ, നഷ്ടത്തിന്റെ നാലിൽ മൂന്നു നികത്തിയാൽ വധശിക്ഷ ജീവപര്യന്തമാക്കി മാറ്റാമെന്നു കോടതി നിർദേശിച്ചിട്ടുണ്ട്.