ഫുട്ബോൾ മത്സരത്തിനിടെ തിക്കും തിരക്കും; 56 പേർ മരിച്ചു
Tuesday, December 3, 2024 1:49 AM IST
കോണാക്രി: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയയിൽ ഫുട്ബോൾ മത്സരത്തിനിടെ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും 56 പേർ മരിച്ചു.
ഞായറാഴ്ച രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ സെരിക്കോറെയിൽ പട്ടാള ഭരണകൂടത്തിന്റെ മേധാവി മമാദി ദൂംബൂയയുടെ ബഹുമാനാർഥം നടത്തിയ മത്സരത്തിനിടെയാണു സംഭവം. റഫറിയുടെ വിവാദ തീരുമാനത്തെത്തുടർന്നുണ്ടായ സംഘർഷമാണു തിക്കിനും തിരക്കിനും വഴിവച്ചത്.
ലെബെ നഗരത്തിലെയും സെരിക്കോറെയിലും ടീമുകൾ തമ്മിലായിരുന്നു മത്സരം. റഫറിയുടെ തീരുമാനം വിവാദമായത്തിനെത്തുടർന്ന് ലെബെ ഫാനുകൾ ഗ്രൗണ്ടിലേക്കു കല്ലെറിഞ്ഞു. തുടർന്ന് പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു.
മരിച്ചവരിൽ ഒട്ടേറെ കുട്ടികൾ ഉൾപ്പെടുന്നു. നിലത്ത് മൃതദേഹങ്ങൾ നിരത്തിയിട്ടിരിക്കുന്നതിന്റെ വീഡിയോദൃശ്യം പുറത്തുവന്നു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്ക് പോലീസ് കാവലേർപ്പെടുത്തി.