ജോർജിയയിൽ പ്രക്ഷോഭം തുടരുന്നു; പ്രതിപക്ഷ നേതാവ് അറസ്റ്റിൽ
Tuesday, December 3, 2024 1:49 AM IST
ടിബ്ലിസി: യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള നടപടികൾ മരവിപ്പിച്ച ജോർജിയൻ സർക്കാരിനെതിരേ ജനകീയ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിപക്ഷ നേതാവ് സുരാബ് ജപ്പാരിഡ്സെയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി പാർലമെന്റ് മന്ദിരത്തിനു മുന്നിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത ഇദ്ദേഹം ഇന്നലെ രാവിലെ മടങ്ങവേയാണ് അറസ്റ്റിലായത്.
ഇതിനിടെ, ഞായാറാഴ്ച രാത്രി പാർലമെന്റിനു മുന്നിൽ പോലീസും പ്രക്ഷോഭകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രക്ഷോഭകർ പോലീസിനു നേർക്ക് പടക്കമെറിഞ്ഞു. പോലീസ് ജലപീരങ്കികൊണ്ടാണു പ്രതികരിച്ചത്.
ദിവസങ്ങളായി നടക്കുന്ന സംഘർഷത്തിൽ പരിക്കേറ്റ പോലീസുകാരുടെ എണ്ണം 133 ആയെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒട്ടേറെ പ്രക്ഷോഭകർ അറസ്റ്റിലാവുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
പ്രതിപക്ഷം ആസൂത്രിത ആക്രമണം നടത്തുകയാണെന്നു പ്രധാനമന്ത്രി ഇറാകിൽ കോബാഷിദ്സെ ആരോപിച്ചു. അതേസമയം, രാജ്യമൊട്ടുക്ക് പ്രക്ഷോഭം അലയടിക്കുന്നതായി പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന യൂറോപ്യൻ അനുകൂലിയായ പ്രസിഡന്റ് സലോം സുരബിഷ്വിലി പറഞ്ഞു.
ജോർജിയൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നു യൂറോപ്യൻ യൂണിയൻ ആരോപിച്ചതിനു പിന്നാലെയാണു ജോർജിയയിലെ റഷ്യാ അനുകൂല സർക്കാർ യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള തീരുമാനം മരവിപ്പിച്ചത്.
ജോർജിയയിൽ ജനാധിപത്യം അപകടാവസ്ഥയിലാണെന്ന് അമേരിക്കയും യൂറോപ്യൻ യൂണിയനും മുന്നറിയിപ്പു നല്കി. ജോർജിയയിൽ ഇടപെടുന്നില്ലെന്നു റഷ്യ അവകാശപ്പെട്ടു. അതേസമയം, ജോർജിയ യുക്രെയ്ന്റെ പാതയിലാണെന്നു റഷ്യയിലെ മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവ് ഭീഷണി മുഴക്കി.