ആലെപ്പോയിൽ വിമത മുന്നേറ്റം
Friday, November 29, 2024 11:37 PM IST
ഡമാസ്കസ്: സിറിയയിൽ അസാദ് ഭരണകൂടത്തെ എതിർക്കുന്ന വിമതർ ആലെപ്പോ മേഖലയിൽ ഇന്നലെയും മുന്നേറ്റം തുടർന്നതായി റിപ്പോർട്ട്. ഹയാത് തഹ്രീർ അൽഷാം (എച്ച്ടിഎസ്) എന്ന സംഘടന നേതൃത്വം നല്കുന്ന വിമതർ ആലെപ്പോ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലെത്തി.
ബുധനാഴ്ച ആരംഭിച്ച അപ്രതീക്ഷിത ആക്രമണത്തിൽ സിറിയൻ സേന പതറിയെന്നാണ് റിപ്പോർട്ട്. അന്പതോളം ഗ്രാമങ്ങൾ വിമതരുടെ നിയന്ത്രണത്തിലായി. ഇരു ഭാഗത്തും ധാരാളം പേർ മരിച്ചതായി സിറിയൻ ഒബ്സർവേറ്ററി സംഘടന അറിയിച്ചു. സിറിയയുടെയും റഷ്യയുടെയും യുദ്ധവിമാനങ്ങൾ വിമതകേന്ദ്രങ്ങളിൽ ആക്രമണം നടത്തുന്നുണ്ട്.
ഇന്നലെ ആലെപ്പോ നഗരത്തിൽ മിസൈൽ സ്ഫോടനശബ്ദങ്ങൾ കേട്ടു. ആലെപ്പോ യൂണിവേഴ്സിറ്റി ഡോർമിറ്ററിക്കു നേർക്കുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ടു വിദ്യാർഥികളടക്കം നാലു പേർ കൊല്ലപ്പെട്ടു.
2016നുശേഷം സിറിയൻ വിമതർ ആലെപ്പോയിൽ നടത്തുന്ന ഏറ്റവും വലിയ മുന്നേറ്റമാണിത്. ഇദ്ലിബ് പ്രവിശ്യയിലെ സരാഖ്വബ് പട്ടണത്തിലും വിമതമുന്നേറ്റം റിപ്പോർട്ട് ചെയ്തു.