മതങ്ങളുടെ ഒരുമ കാലഘട്ടത്തിന്റെ ആവശ്യം: മാർ ജോർജ് കൂവക്കാട്ട്
Saturday, November 30, 2024 11:24 PM IST
വത്തിക്കാൻ സിറ്റി: മനുഷ്യന്റെ ജീവിതത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന മതങ്ങൾ ഒരുമയോടെ നീങ്ങേണ്ടത് എല്ലാ കാലഘട്ടത്തും ആവശ്യമാണെന്ന് നിയുക്ത കർദിനാൾ ആർച്ച്ബിഷപ് മാർ ജോർജ് കൂവക്കാട്ട് ദീപികയോടു പറഞ്ഞു. വത്തിക്കാനിൽ നടന്ന ലോക സർവമത സമ്മേളനത്തിൽ പങ്കെടുക്കുന്നതിനിടെയായിയരുന്നു മാർ കൂവക്കാട്ടിന്റെ പ്രതികരണം.
പന്ത്രണ്ടാം നൂറ്റാണ്ടിൽ ഇറ്റലിയിൽനിന്നു ഫ്രാൻസിസ് അസീസി മധ്യപൂർവ ദേശത്തേക്ക് യാത്ര ചെയ്ത് സുൽത്താനോട് സംസാരിച്ചിട്ടുണ്ട്. ഈ വലിയ സാഹോദര്യത്തിന്റെ 800 വർഷങ്ങൾ പിന്നിട്ടപ്പോൾ ഫ്രാൻസിസ് മാർപാപ്പ മൊറോക്കോയിൽ പോയി സാഹോദര്യത്തിന്റെ ഓർമകൾ പുതുക്കിയിരുന്നു. ഇതുപോലെ ഭാരതമണ്ണിൽ മതങ്ങൾക്കിടയിൽ ഐക്യം വളർത്താൻ യത്നിച്ച യുഗപുരുഷനാണ് ശ്രീനാരായണഗുരു.
നാനാത്വത്തിൽ ഏകത്വം എന്ന മന്ത്രം ഹൃദയത്തിൽ ഏറ്റുവാങ്ങിയ ഭാരതഭൂമി പലപ്പോഴും മതങ്ങൾക്കിടയിൽ സംഘർഷങ്ങൾക്കും ഇടം കൊടുത്തിട്ടുണ്ട്. എന്നാൽ ഓരോ കാലഘട്ടത്തിലും ദീർഘദർശികളായ ആചാര്യന്മാർ ഐക്യത്തിന്റെ ദൂതുമായി ഉയർന്നുവരും.
കേരളക്കരയിൽ ഇത്തരത്തിൽ മതങ്ങളെ ഒരു ചരടിൽ ഒരുമിച്ചു ചേർക്കാൻ 1924ൽ ശ്രീ നാരായണഗുരു വിളിച്ചുചേർത്ത സർവമത സമ്മേളനത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചാണ് ഈ യോഗം സംഘടിപ്പിച്ചിരിക്കുന്നത്.
എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്ന വിശിഷ്ടമായ സംസ്കാരമാണ് ഭാരതീയ സംസ്കാരം. സകലരെയും ഉൾക്കൊള്ളുന്ന ‘വസുധൈവകുടുംബകം’ എന്ന സങ്കൽപം തന്നെ എത്രയോ മഹത്തരമാണ്.
മതങ്ങൾ മനുഷ്യനെ അന്ധനാക്കിയ കാലത്ത് ദൈവത്തിലേക്കും സഹജരിലേക്കും നയനങ്ങൾ തുറക്കാൻ ശ്രീനാരായണഗുരു നടത്തിയ ഈ പരിശ്രമങ്ങളുടെ ഓർമ പുതുക്കുന്നത് എന്തുകൊണ്ടും പ്രസക്തമാണ്.
സ്നേഹം, സമാധാനം, ക്ഷമ, സാഹോദര്യം തുടങ്ങിയ മൂല്യങ്ങൾ എല്ലാ മതങ്ങളും പ്രഘോഷിക്കുന്നുണ്ട്. എന്നിരിക്കിലും നാം ജീവിക്കുന്ന കാലഘട്ടത്തിലും മതങ്ങൾക്കിടയിലുള്ള ബുദ്ധിമുട്ടുകൾക്കും മതത്തിന്റെ പേരിലുള്ള യുദ്ധങ്ങൾക്കും പൂർണവിരാമം ആയിട്ടില്ല.
സമഭാവനയുടെയും സഹോദര്യത്തിന്റെയും സന്ദേശം പേറുന്ന ഇത്തരത്തിലുള്ള സംരംഭങ്ങൾക്ക് ചിരപ്രസക്തിയുണ്ടെന്നും മാർ കൂവക്കാട്ട് പറഞ്ഞു.
വത്തിക്കാൻ എന്നും മതങ്ങൾക്കിടയിൽ സ്നേഹവും സാഹോദര്യവും വളർത്താനും മനുഷ്യപുരോഗതിക്കായി ഒരുമിച്ചു പ്രവർത്തിക്കാനും പ്രതിജ്ഞാബദ്ധമാണ്. ഇതിനായി വത്തിക്കാന് മതാന്തര സംവാദങ്ങൾക്കായുള്ള പ്രത്യേക മന്ത്രാലയംതന്നെയുണ്ട്.
ജോൺ പോൾ രണ്ടാമൻ പാപ്പയുടെ കാലത്ത് 1986ൽ അസീസിയിൽ ലോകസമാധാനത്തിനും മതൈക്യത്തിനുമായി സർവമത പ്രാർഥനായോഗം ചേർന്നിരുന്നു. ഇത്തരത്തരം പ്രാർഥനായോഗങ്ങൾ പലവട്ടം ആവർത്തിക്കപ്പെട്ടു.
വത്തിക്കാൻ എന്നും എല്ലാ മതങ്ങളെയും ആദരവോടെയും ബഹുമാനത്തോടെയുമാണ് കാണുന്നത്. വിവിധ മതങ്ങളിലും സംസ്കാരങ്ങളിലുമുള്ള നന്മയുടെയും സത്യത്തിന്റെയും പ്രകാശകിരണങ്ങളെ കത്തോലിക്കാ സഭ വിലമതിക്കുന്നുവെന്ന് രണ്ടാം വത്തിക്കാൻ കൗൺസിൽ പഠിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു സമ്മേളനം വത്തിക്കാനിൽ നടത്തുന്നത് തീർച്ചയായും ഉചിതമാണെന്നും മാർ കൂവക്കാട്ട് പറഞ്ഞു.
ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംബരാനനന്ദ, സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീർഥ, സ്വാമിനി ആര്യ നന്ദാദേവി, പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ, കർണ്ണാടക സ്പീക്കർ യു.ടി. ഖാദർ, സംഘാടക സമിതി ജനറൽ കൺവീനർ ചാണ്ടി ഉമ്മൻ എംഎൽഎ, സജീവ് ജോസഫ് എംഎൽഎ, ഫാ. ഡേവിസ് ചിറമ്മൽ എന്നിവരടക്കം വിവിധ രാജ്യങ്ങളിൽനിന്നുള്ള 180 പ്രതിനിധികൾ ഉൾപ്പെടെ ഇരുനൂറോളംപേർ സമ്മേളനത്തിൽ പങ്കെടുത്തു.