വെടിനിർത്തൽ കരാർ നോക്കുകുത്തി; ഇസ്രയേലിന്റെ മുഴുരാത്രി ആക്രമണം; ലബനനിൽ 11 പേർ കൊല്ലപ്പെട്ടു
Wednesday, December 4, 2024 12:47 AM IST
ടെൽ അവീവ്: വെടിനിർത്തൽ കരാർ ലംഘിച്ച് ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം തുടരുന്നു. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച ശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണു തിങ്കളാഴ്ച നടന്നത്.
ഹിസ്ബുള്ള, ഇസ്രയേൽ സൈന്യത്തിനു നേർക്ക് വെടിയുതിർത്തതിനു പിന്നാലെയായിരുന്നു വ്യോമാക്രമണം. 60 ദിവസത്തെ വെടിനിർത്തൽ കരാർ ബുധനാഴ്ച പ്രാബല്യത്തിൽ വന്നതിനു ശേഷം ആദ്യമായാണ് ഹിസ്ബുള്ള ഇസ്രയേലിനെ ലക്ഷ്യംവച്ചത്.
ഇസ്രയേൽ ആക്രമണത്തിൽ തെക്കൻ ലബനനിലെ ഹാരിസിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. രണ്ടു പേർക്കു പരിക്കേറ്റു. തലോസയിലുണ്ടായ വ്യോമാക്രമണത്തിൽ നാലു പേർ കൊല്ലപ്പെടുകയും രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ലബനൻ, സിറിയ, ഇസ്രയേൽ അതിർത്തി പ്രദേശമായ മൗണ്ട് ഡോവിലാണ് ഹിസ്ബുള്ള വെടിയുതിർത്തത്. ഇതിനു മറുപടിയായി തിങ്കളാഴ്ച മുഴുരാത്രി ലബനനിലുടനീളം ഇസ്രയേൽ വ്യോമാക്രമണം നടത്തുകയായിരുന്നു. ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് ഇസ്രയേൽ അറിയിച്ചു.
വെടിനിർത്തൽ കരാർ ആവർത്തിച്ച് ലംഘിക്കുന്നതിനുള്ള മറുപടിയായാണ് ഇസ്രയേൽ സൈനിക താവളത്തിനു നേർക്ക് വെടിയുതിർത്തതെന്ന് ഹിസ്ബുള്ള പ്രസ്താവനയിൽ പറഞ്ഞു.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രയേൽ അമ്പതിലേറെ തവണ വ്യോമാക്രമണം നടത്തിയതായി ലബനീസ് സ്പീക്കർ നബി ബെറി പറഞ്ഞു.
ഇതിനിടെ, ബന്ദികളെ ഉടൻ വിട്ടയയ്ക്കണമെന്നു നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഹമാസിനോടാവശ്യപ്പെട്ടു. ജനുവരിയിൽ താൻ പ്രസിഡന്റായി ചുമതലയേറ്റെടുക്കുന്നതിനു മുൻപ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഹമാസ് വലിയ വിലനൽകേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ട്രംപിന്റെ പ്രസ്താവന ഇസ്രയേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് സ്വാഗതം ചെയ്തെങ്കിലും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് പ്രതികരിക്കാൻ വിസമ്മതിച്ചു.