പട്ടേലിനെ വീണ്ടെടുത്ത് ഉയരാൻ കോണ്ഗ്രസ്
Wednesday, April 9, 2025 2:41 AM IST
അഹമ്മദാബാദിൽനിന്ന് ജോർജ് കള്ളിവയലിൽ
ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ സർദാർ പട്ടേലിന്റെ പാരന്പര്യം തിരിച്ചുപിടിക്കാനും ബിജെപിയുടെയും ആർഎസ്എസിന്റെയും വർഗീയത, വെറുപ്പ്, അക്രമം തുടങ്ങിയവയെ ചെറുത്തു തോൽപ്പിക്കാനും കോണ്ഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ തീരുമാനം. ആർഎസ്എസിനെ നിരോധിച്ച സർദാർ വല്ലഭ് ഭായ് പട്ടേലിന്റെ മാതൃക പിന്തുടരുമെന്ന് അഹമ്മദാബാദിൽ ഇന്നലെ ചേർന്ന കോണ്ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം പ്രമേയം പാസാക്കി.
1948ൽ മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം വർഗീയശക്തികളെ നിരാകരിച്ച സർദാർ പട്ടേലിന്റെ സേവനങ്ങളെ പ്രകീർത്തിക്കുന്ന പ്രമേയം ഇന്നു നടക്കുന്ന എഐസിസി സമ്മേളനം പാസാക്കും.
ബ്രിട്ടീഷുകാരുടെ അടിച്ചമർത്തലിനെതിരേ നിലകൊള്ളുകയും തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി പോരാടുകയും ചെയ്ത പട്ടേലിന്റെ വർഗീയതയ്ക്കെതിരായ നിലപാട് ഇന്നും പ്രസക്തമാണ്. ഇന്ത്യക്കായി പോരാടിയ പട്ടേൽ കാണിച്ചുതന്ന പാതയിലൂടെ കോണ്ഗ്രസ് സഞ്ചരിക്കുമെന്ന്, വിപുലീകരിച്ച പ്രവർത്തകസമിതി വ്യക്തമാക്കി.
മഹാത്മാഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും പ്രതിമയ്ക്കു മുന്നിൽ കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ആദരാഞ്ജലിയർപ്പിച്ചശേഷമായിരുന്നു പ്രവർത്തകസമിതി ചേർന്നത്.
രാജ്യത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും കോണ്ഗ്രസ് നേതാവുമായിരുന്ന സർദാർ പട്ടേലിന്റെ പാരന്പര്യം കവർന്നെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് കോണ്ഗ്രസിന്റെ പുതിയ പ്രമേയമെന്നതു ശ്രദ്ധേയമാണ്.
ബിജെപിയും ആർഎസ്എസും ഉയർത്തുന്ന വർഗീയ, വിഭാഗീയ രാഷ്ട്രീയത്തെ എതിർത്തയാളാണു പട്ടേലെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടുന്നു. മതധ്രുവീകരണത്തിനും വിഭജനരാഷ്ട്രീയത്തിനുമെതിരേ ഉറച്ചു നിന്നുകൊണ്ട് പട്ടേലിന്റെ പാരന്പര്യം ഉയർത്തിപ്പിടിക്കുമെന്നാണ് കോണ്ഗ്രസ് പ്രതിജ്ഞയെടുത്തത്.