കാറ്റിൽനിന്നും സൗരോർജത്തിൽനിന്നും വൈദ്യുതി; ഇന്ത്യ മൂന്നാം സ്ഥാനത്ത്
Wednesday, April 9, 2025 2:41 AM IST
ന്യൂഡൽഹി: കാറ്റിൽനിന്നും സൗരോർജത്തിൽനിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യക്കു മുന്നേറ്റം. കഴിഞ്ഞ വർഷം ഇന്ത്യ ജർമനിയെ മറികടന്നു മൂന്നാമതെത്തി.
ഊർജമേഖലയിലെ ആഗോള തിങ്ക് ടാങ്കായ "എംബറി’ന്റെ ആഗോള വൈദ്യുതി അവലോകനത്തിന്റെ ആറാം പതിപ്പിലെ റിപ്പോർട്ടിലാണ് വൈദ്യുതി ഉത്പാദനത്തിലെ ഇന്ത്യയുടെ കുതിച്ചുചാട്ടം വ്യക്തമാക്കിയിട്ടുള്ളത്.
പുനരുപയോഗ ഊർജോത്പാദനത്തിൽ ചൈനയ്ക്കും അമേരിക്കയ്ക്കും പിന്നിലാണ് ഇന്ത്യ. 2024ൽ ആഗോളതലത്തിൽ വൈദ്യുതിയുടെ 15 ശതമാനവും വായുവിൽനിന്നും സൗരോർജത്തിൽനിന്നും ഉത്പാദിപ്പിക്കാനായെന്നും ഇതിൽ ഇന്ത്യയുടെ പങ്ക് പത്തു ശതമാനമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
പുനരുപയോഗ ഊർജം, ആണവോർജം എന്നിവയുൾപ്പെടുന്ന കുറഞ്ഞ കാർബണ്‍ സ്രോതസുകൾ കഴിഞ്ഞ വർഷത്തെ ആഗോള വൈദ്യുതിയുടെ 40.9 ശതമാനമാണു സംഭാവന ചെയ്തത്.
പരന്പരാഗത ഫോസിൽ ഇന്ധനങ്ങളിൽനിന്നു വിഭിന്നമായി കുറഞ്ഞ അളവിൽ ഹരിതഗൃഹ വാതകങ്ങൾ പുറന്തള്ളുന്ന കുറഞ്ഞ കാർബണ്‍ സ്രോതസുകൾ ഇതാദ്യമായാണ് ആഗോള വൈദ്യുതിയുടെ 40 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്നത്.
ഇന്ത്യയിലാകട്ടെ, പുനരുപയോഗ ഊർജം വൈദ്യുതി ഉത്പാദനത്തിന്റെ 22 ശതമാനവും സംഭാവന ചെയ്തു. ഇതിൽത്തന്നെ ജലവൈദ്യുതി എട്ടു ശതമാനവും കാറ്റും സൗരോർജവും പത്തു ശതമാനവും സംഭാവന ചെയ്തു.
2024ൽ രാജ്യത്തെ വൈദ്യുതിയുടെ ഏഴു ശതമാനവും സൗരോർജത്തിൽനിന്നാണു ലഭിച്ചത്.2024ൽ സൗരോർജ ഉത്പാദനത്തിനായി 24 ജിഗാവാട്ട് സൗരോർജശേഷിയാണ് ഇന്ത്യ കൂട്ടിച്ചേർത്തത്. 2023ൽ ഇന്ത്യ കൂട്ടിച്ചേർത്ത സൗരോർജശേഷിയുടെ ഇരട്ടിയിലധികം വരുമിത്.
ഇന്ത്യയെ "സൗരോർജ സൂപ്പർ പവർ’എന്നാണ് യുഎൻ കാലാവസ്ഥാവ്യതിയാന മേധാവി സൈമണ്‍ സ്റ്റീൽ ഫെബ്രുവരിയിൽ വിശേഷിപ്പിച്ചത്. 2030 ഓടെ ഫോസിൽ ഇതര ഇന്ധനങ്ങളിൽനിന്ന് 500 ജിഗാവാട്ട് ഊർജശേഷി കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.