പഞ്ചാബ് മുൻ മന്ത്രിയുടെ വീടിനു നേർക്കുണ്ടായത് ഐഎസ്ഐ ആക്രമണം
Wednesday, April 9, 2025 2:41 AM IST
ഡല്‍ഹി: പഞ്ചാബിലെ ജലന്ധറില്‍ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ മനോരഞ്ജന്‍ കാലിയയുടെ വീടിനു നേർക്ക് ഗ്രനേഡ് ആക്രമണം.
ആക്രമണത്തിന്റെ മുഖ്യ ആസൂത്രകർ പാക് ചാരസംഘടനയായ ഐഎസ്ഐയും കൊടും കുറ്റവാളി ലോറന്‍സ് ബിഷ്ണോയിയുടെ സംഘവുമാണെന്ന് പോലീസ് സ്പെഷല്‍ ഡയറക്ടര്‍ ജനറല്‍ അര്പിത് ശുക്ല പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നിനുണ്ടായ സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. സ്ഫോടനത്തിനുപയോഗിച്ച ഇ-റിക്ഷയും കണ്ടെത്തി. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
പഞ്ചാബിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ഐഎസ്ഐ യുടെ വൻ ഗൂഢാലോചനയാണിതെന്ന് അര്പിത് ശുക്ല പറഞ്ഞു. ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളി സീഷൻ അഖ്തറും പാക്കിസ്ഥാൻകാരനായ കൊടുംകുറ്റവാളി ഷഹ്സാദ് ഭട്ടിയുമാണ് ഗൂഢാലോചന നടപ്പാക്കിയത്. ബബ്ബർ ഖൽസ ഇന്റർനാഷണൽ നേതാവ് ഹർവിന്ദർ സിംഗിന്റെ പങ്ക് തള്ളിക്കളയാനാകില്ല -ശുക്ല കൂട്ടിച്ചേർത്തു.
ആക്രമണം നടക്കുമ്പോള്‍ വീടിനുള്ളിലായിരുന്ന കാലിയ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും ആദ്യം അതൊരു ട്രാന്‍സ്ഫോര്‍മര്‍ സ്ഫോടനമാണെന്ന് കരുതിയെന്നും മനോരഞ്ജന്‍ കാലിയ മാധ്യമങ്ങളോടു പറഞ്ഞു. പിന്നീട് അത് ഇടിമുഴക്കത്തിന്റെ ശബ്ദമാണെന്നു കരുതി. ഡ്രൈവർ വാതിലില്‍ മുട്ടി സ്ഫോടനമാണെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ക്രമസമാധാനനില തകര്‍ന്നതായി പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. ആഭ്യന്തരവകുപ്പ് വഹിക്കുന്ന മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ധാര്‍മികതയുടെ പേരില്‍ രാജിവയ്ക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.