യുഎസ് തീരുവ ഒഴിവാക്കാനുള്ള മാർഗം തേടി ഇന്ത്യ
Wednesday, April 9, 2025 2:41 AM IST
ന്യൂഡൽഹി: ഉഭയകക്ഷി വ്യാപാരക്കരാറിൽ അന്തിമ ധാരണയിലെത്തുന്നതുവരെ അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ഏർപ്പെടുത്തിയ 26 ശതമാനം തീരുവ ഒഴിവാക്കാനുള്ള മാർഗങ്ങൾ തേടി കേന്ദ്രം.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മറ്റു രാജ്യങ്ങൾക്കുമേൽ പ്രഖ്യാപിച്ച പരസ്പര തീരുവകൾ ആഗോളവ്യാപാരത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്പോഴാണ് തീരുവ ഒഴിവാക്കാനുള്ള നീക്കങ്ങൾ ഇന്ത്യ നടത്തുന്നത്. കഴിഞ്ഞദിവസം കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ടെലിഫോണിൽ ബന്ധപ്പെട്ടത് ഈ ആവശ്യം മുൻനിർത്തിയാണെന്നാണ് സൂചന.
ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ ട്രംപ് പരസ്പര തീരുവ പ്രഖ്യാപിച്ചതിനുശേഷം ഇന്ത്യയും അമേരിക്കയും തമ്മിൽ നടത്തുന്ന ആദ്യത്തെ ഉന്നതതല സംഭാഷണമായിരുന്നു ജയ്ശങ്കറും റുബിയോയും തമ്മിൽ നടത്തിയത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാറിൽ എത്രയും പെട്ടെന്ന് അന്തിമധാരണയിലെത്താനുള്ള ആവശ്യകതയെക്കുറിച്ച് യോജിപ്പിലെത്തിയെന്നാണ് സംഭാഷണത്തിനുശേഷം ജയ്ശങ്കർ എക്സിൽ കുറിച്ചത്.
ഉഭയകക്ഷി വ്യാപാരക്കരാറിന്റെ ആദ്യഘട്ടത്തിൽ ഈ വർഷംതന്നെ ധാരണയിലെത്തുന്നത് അമേരിക്കൻ ഉത്പന്നങ്ങൾക്ക് ഇന്ത്യയിൽ വിശാലമായ വ്യാപാരം സാധ്യമാക്കുകയും അതുവഴി ഇന്ത്യക്കെതിരായ തീരുവ കുറയ്ക്കാൻ കഴിയുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
എന്നാൽ, കരാറിൽ അന്തിമധാരണയിലെത്തുന്നതിനു മുന്പ് ടെക്സ്റ്റൈൽ, എൻജിനിയറിംഗ് ഉത്പന്നങ്ങൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ തുടങ്ങിയ മികച്ച പ്രകടനം നടത്തുന്ന തെരഞ്ഞെടുക്കപ്പെട്ട കയറ്റുമതി വിഭാഗങ്ങളുടെ തീരുവയിൽ ചർച്ച നടത്തി താത്കാലിക ആശ്വാസം കണ്ടെത്താനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.
ഔദ്യോഗിക, പിൻവാതിൽ ചർച്ചകളിലൂടെ ഉഭയകക്ഷി വ്യാപാര കരാറിൽ ഉടൻതന്നെ ധാരണയിലെത്തി രാജ്യത്തെ കയറ്റുമതിമേഖലയെ പ്രതിസന്ധിയിൽനിന്നു കരകയറ്റാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചകൾക്ക് അമേരിക്ക അവസരം നൽകുന്ന ഏക രാജ്യമെന്നതും ഇന്ത്യയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നുണ്ട്.