ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീക്കെതിരേ കേസ്; ആരോപണം നിഷേധിച്ച് കന്യാസ്ത്രീ
Wednesday, April 9, 2025 2:41 AM IST
റായ്പുര്‍: ഛത്തീസ്ഗഡിലെ ജാഷ്പുർ ജില്ലയിൽപ്പെട്ട കുങ്കുരിയില്‍ മതപരിവര്‍ത്തന ശ്രമം നടത്തിയെന്ന നഴ്സിംഗ് വിദ്യാർഥിനിയുടെ വ്യാജ പരാതിപ്രകാരം മലയാളി കന്യാസ്ത്രീക്കെതിരേ പോലീസ് കേസെടുത്തു.
നഴ്സിംഗ് കോളജ് പ്രിന്‍സിപ്പലായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരേയാണു കേസ്.കേസ് രജിസ്റ്റർ ചെയ്ത കാര്യം സ്ഥിരീകരിച്ച പോലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.
മതപരിവർത്തന ശ്രമത്തെ എതിർത്തതിന്റെ പേരിൽ അവസാനവർഷ പരീക്ഷ എഴുതാനും കാന്പസിൽ പ്രവേശിക്കാനും തന്നെ അനുവദിച്ചില്ലെന്നാണ് വിദ്യാർഥിനിയുടെ വ്യാജ പരാതി.
എന്നാൽ, പഠനത്തില്‍ തനിക്കു പറ്റിയ വീഴ്ച മറച്ചുവയ്ക്കാനും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനും വിദ്യാർഥിനി കരുതിക്കൂട്ടി നടത്തിയ ശ്രമമാണു നിര്‍ബന്ധിത മതപരിവര്‍ത്തന കേസെന്ന് കുങ്കുരി ഹോളിക്രോസ് നഴ്സിംഗ് കോളജും ഹോളിക്രോസ് സന്യാസിനീ സമൂഹവും വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതവും സ്ഥാപനത്തിന്റെ പ്രശസ്തിയെ കളങ്കപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതുമാണെന്നും സന്യാസിനീസമൂഹം ചൂണ്ടിക്കാട്ടി.
പരാതിക്കാരിയായ വിദ്യാർഥിനിക്ക് ഹാജർ വളരെ കുറവാണ്. പ്രാക്ടിക്കൽ പരീക്ഷകൾക്കും അസൈൻമെന്റുകൾക്കും ഗുരുതരമായ വീഴ്ച വരുത്തുകയും ചെയ്തിട്ടുണ്ട്. വിട്ടുപോയിട്ടുള്ള അസൈൻമെന്റുകൾ പൂർത്തിയാക്കാമെന്ന് കഴിഞ്ഞ ജനുവരി 15ന് രേഖാമൂലം എഴുതി നൽകിയെങ്കിലും പൂർത്തിയാക്കിയില്ല.
തനിക്കു പറ്റിയ വീഴ്ച മറച്ചുവയ്ക്കാനും സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്താനും വിദ്യാർഥിനി കരുതിക്കൂട്ടി നടത്തിയ നീക്കമാണ് ഇപ്പോഴത്തെ ആരോപണം.
തങ്ങളുടെ സ്ഥാപന നേതൃത്വത്തിന്റെ സത്യസന്ധതയിലും മൂല്യാധിഷ്ഠിത സമീപനങ്ങളിലും ഉറച്ചുനിൽക്കുന്നതോടൊപ്പം, അധ്യാപനത്തിലെയും നടത്തിപ്പിലെയും ഉയർന്ന നിലവാരം തുടർന്നും കാത്തുസൂക്ഷിക്കുമെന്ന് നഴ്സിംഗ് കോളജ് അധികൃതരും സന്യാസിനീസമൂഹവും വ്യക്തമാക്കി.