ഹൈദരാബാദ് സ്ഫോടനം: പ്രതികളുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു
Wednesday, April 9, 2025 2:41 AM IST
ഹൈദരാബാദ്: 2013ലെ ഹൈദരാബാദ് സ്ഫോടനക്കേസിൽ അഞ്ച് ഇന്ത്യൻ മുജാഹിദ്ദീൻ പ്രതികൾക്ക് എൻഐഎ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവച്ചു.
ഇന്ത്യൻ മുജാഹിദ്ദീൻ സഹസ്ഥാപകൻ യാസീൻ ഭട്കൽ എന്ന മുഹമ്മദ് അഹമ്മദ് സിദിബാപ്പ, പാക്കിസ്ഥാൻ പൗരൻ സിയാവുർ റഹ്മാൻ, അസാദുള്ള അഖ്തർ, തഹസീൻ അഖ്തർ, അജാസ് ഷേഖ് എന്നിവർക്കാണു വധശിക്ഷ. മുഖ്യപ്രതിയായ റിയാസ് ഭട്കൽ പാക്കിസ്ഥാനിൽ ഒളിവിലാണ്.
ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകൻ അറിയിച്ചു. 2013ൽ ദിൽസുഖ്നഗറിലുണ്ടായ സ്ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. 131 പേർക്കു പരിക്കേറ്റു. ഒരു ബസ് സ്റ്റോപ്പിലാണ് ആദ്യ സ്ഫോടനമുണ്ടായത്.