വഖഫ് ഭേദഗതി നിയമം: ഹർജികൾ 16ന് പരിഗണിക്കും
Wednesday, April 9, 2025 2:41 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കി രാഷ്ട്രപതി വിജ്ഞാപനം ചെയ്ത വഖഫ് ഭേദഗതി നിയമത്തിനെതിരായ വിവിധ ഹർജികൾ ഈമാസം 16ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോൺഗ്രസും മുസ്ലിം ലീഗും സമസ്തയും ഉൾപ്പെടെ നൽകിയ 12 ഹർജികളാണു സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തുക. ഹർജികളിൽ അടിയന്തര വാദം കേൾക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും വിഷയം അടുത്തയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റീസിന്റെ ഓഫീസ് സുപ്രീംകോടതി രജിസ്ട്രാറെ അറിയിക്കുകയായിരുന്നു.
നാളെമുതൽ അടുത്ത നാലു ദിവസത്തേക്ക് സുപ്രീംകോടതിക്ക് അവധിയാണ്. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്ച കേസ് പരിഗണിക്കാൻ കോടതി തീരുമാനിച്ചത്. വഖഫ് ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ ഹർജികൾ സമർപ്പിച്ചിരിക്കുന്നത്. അതേസമയം, കേന്ദ്രസർക്കാർ തടസഹർജിയും സമർപ്പിച്ചിട്ടുണ്ട്.