യുക്തിവാദി നേതാവ് സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റില്‍
Wednesday, April 9, 2025 2:41 AM IST
ന്യൂഡൽഹി: പ്രമുഖ യുക്തിവാദി നേതാവും "റാഷണലിസ്റ്റ് ഇന്റര്‍നാഷണല്‍’ സ്ഥാപകനുമായ സനല്‍ ഇടമറുക് പോളണ്ടില്‍ അറസ്റ്റിൽ.
വീസ തട്ടിപ്പുകേസിലാണ് അറസ്റ്റ്. ഫിന്‍ലന്‍ഡില്‍ സ്ഥിരതാമസക്കാരനായ സനല്‍ ഇടമറുകിനെ പോളണ്ടിലെ വാര്‍സോ മോഡ്ലിന്‍ വിമാനത്താവളത്തില്‍വച്ച് കഴിഞ്ഞ മാസം 28ന് അധികൃതര്‍ കസ്റ്റഡിയിലെടുത്തെന്നാണ് ഫിന്‍ലന്‍ഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സനല്‍ ഇടമറുക് അറസ്റ്റിലായതായി ഫിന്‍ലന്‍ഡിലെ വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു.
ഇന്ത്യയുടെ നിര്‍ദേശപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവിച്ച റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലാണ് സനല്‍ ഇടമറുകിനെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.
പോളണ്ടില്‍ മനുഷ്യാവകാശസംരക്ഷണവുമായി ബന്ധപ്പെട്ട ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വീസ തട്ടിപ്പുകേസിൽ 2020 ലാണ് സനൽ ഇടമറുകിനെതിരേ ഇന്റർപോൾ നോട്ടീസ് പുറപ്പെടുവിച്ചത്.
ഇന്ത്യയില്‍ രജിസ്റ്റര്‍ചെയ്ത വിവിധ മതനിന്ദ കേസുകളിലും പ്രതിയാണ് സനല്‍ ഇടമറുക്.2012ലാണ് സനല്‍ ഇടമറുക് ഇന്ത്യയില്‍നിന്ന് ഫിന്ലഡിലേക്കു പോയത്. തുടര്‍ന്ന് ദീര്‍ഘകാലമായി ഫിന്ലന്ഡില്ത്തന്നെ തുടരുകയായിരുന്നു. ഇദ്ദേഹത്തെ വിട്ടുകിട്ടാനുള്ള നടപടികള്‍ ഇന്ത്യ ആരംഭിച്ചതായി റിപ്പോർട്ടുണ്ട്.