മോദിയുടെയും ഷായുടെയും നാട്ടിൽനിന്നു കോൺഗ്രസിന്റെ യുദ്ധപ്രഖ്യാപനം
Wednesday, April 9, 2025 2:41 AM IST
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും നാട്ടിൽ ചെന്നാണ് പട്ടേലിനെ കൂട്ടുപിടിച്ച് ഇരുവർക്കുമെതിരേ കോണ്ഗ്രസ് യുദ്ധപ്രഖ്യാപനം നടത്തിയിരിക്കുന്നത്. നെഹ്റുവും പട്ടേലും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്ന് 1947 ഓഗസ്റ്റ് മൂന്നിന് പണ്ഡിറ്റ് നെഹ്റുവിന് സർദാർ പട്ടേൽ എഴുതിയ കത്ത് തെളിവാണെന്ന് കോണ്ഗ്രസ് ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായുള്ള പോരാട്ടത്തിൽ ന്യായത്തിന്റെ പാതയിലൂടെ നടക്കാൻ കോണ്ഗ്രസ് പാർട്ടി ദൃഢനിശ്ചയം ചെയ്തു. സർദാർ പട്ടേൽ കാണിച്ച പാത ഇതാണെന്നും കോണ്ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും സാമൂഹികനീതിയുടെ വക്താവായ രാഹുൽ ഗാന്ധിയും ദശലക്ഷക്കണക്കിന് കോണ്ഗ്രസ് പ്രവർത്തകരും ഇതിനായി പ്രതിജ്ഞാബദ്ധരാണെന്നും വർക്കിംഗ് കമ്മിറ്റി അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
മഹാത്മാഗാന്ധി കോണ്ഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാർഷികവും സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികവും പ്രമാണിച്ച് അഹമ്മദാബാദിലെ സർദാർ പട്ടേൽ സ്മാരകത്തിൽ നടന്ന വിശാല പ്രവർത്തക സമിതിയിലാണു കോണ്ഗ്രസ് പട്ടേലിന്റെ പാരന്പര്യം തിരിച്ചുപിടിക്കാൻ തീരുമാനിച്ചത്.
സർദാർ പട്ടേൽ പ്രകാശിപ്പിച്ച പാതയിൽ നടക്കാനും അദ്ദേഹത്തിന്റെ ചിന്തകൾ ഉൾക്കൊള്ളാനും അദ്ദേഹത്തിന്റെ ദർശനങ്ങളും ചിന്തകളും ഉപയോഗിച്ച് നമ്മുടെ വർത്തമാനത്തെയും ഭാവിയെയും പുനർനിർമിക്കാനും പ്രതിജ്ഞാബദ്ധരാണ്.
ഉരുക്കുമനുഷ്യനായ സർദാർ പട്ടേലിന്റെ ജീവിത പ്രവർത്തനത്തിനുള്ള ഏറ്റവും മികച്ച ആദരാഞ്ജലിയായിരിക്കും ഇത്- കോണ്ഗ്രസ് പ്രമേയത്തിൽ പറയുന്നു.
64 വർഷത്തിനുശേഷം ഗുജറാത്തിൽ നടത്തിയ എഐസിസി സമ്മേളനത്തിലാണ് സർദാർ പട്ടേലിനെ ബിജെപിയിൽനിന്നു വീണ്ടെടുക്കാനുള്ള തീരുമാനമുണ്ടായത്.
2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്നതിനുശേഷം പട്ടേലിന്റെ പാരന്പര്യം ഉയർത്തിപ്പിടിക്കാനായി ബിജെപി നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ഇന്ത്യയിലെ പഴയ നാട്ടുരാജ്യങ്ങൾ സംയോജിപ്പിക്കാനുള്ള സർദാർ പട്ടേലിന്റെ ശ്രമങ്ങൾ ആഘോഷിക്കാൻ ഒക്ടോബർ 31ന് ദേശീയ ഐക്യ ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. ആദ്യ മോദിസർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണിത്.
സർദാർ പട്ടേലിന്റെ 182 മീറ്റർ ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമ 2018ൽ ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിനു സമീപം പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു.
അതിനടുത്തുള്ള കെവാഡിയ പട്ടണത്തെ ഗുജറാത്തിലെ ഏകതാ നഗർ എന്നു പുനർനാമകരണം ചെയ്യുകയും ചെയ്തു. സർദാർ പട്ടേലിനോടും അതുവഴി ഗുജറാത്തിന്റെ അഭിമാനത്തോടും (അസ്മിത) കോണ്ഗ്രസ് അനീതി ചെയ്തുവെന്നും മോദി ആരോപിച്ചു.
ഇന്ത്യയുടെ ഐക്യത്തിന് പട്ടേൽ നൽകിയ സംഭാവനകളെ ദുർബലപ്പെടുത്തിയെന്നും ജവഹർലാൽ നെഹ്റുവിനുവേണ്ടി സർദാർ പട്ടേലിനു പ്രധാനമന്ത്രി സ്ഥാനം കോണ്ഗ്രസ് നിഷേധിച്ചുവെന്നും മോദി ആരോപിച്ചിരുന്നു.