പ്രിയങ്കയുടെ അസാന്നിധ്യം ചർച്ചയായി
Wednesday, April 9, 2025 2:41 AM IST
അഹമ്മദാബാദ്: കോണ്‍ഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പിനായുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ 64 വർഷത്തിനു ശേഷം ഇന്നലെ ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന പ്രവർത്തകസമിതി യോഗത്തിനെത്താതെ പ്രിയങ്ക ഗാന്ധി വദ്ര വീണ്ടും വിവാദത്തിൽ.
നേരത്തെ വഖഫ് ഭേദഗതി ബില്ലിന്മേലുള്ള പാർലമെന്റിലെ വോട്ടെടുപ്പിൽ വയനാടിന്റെ എംപി പങ്കെടുക്കാതിരുന്നത് വിവാദമായതിനു പിന്നാലെയാണ് നിർണായക കോണ്‍ഗ്രസ് നേതൃയോഗത്തിലെ അസാന്നിധ്യം ചർച്ചയായത്.
പാർലമെന്റ് സമ്മേളനത്തിലെ അവസാനദിവസങ്ങളിലും അഹമ്മദാബാദ് എഐസിസി, വർക്കിംഗ് കമ്മിറ്റി സമ്മേളനങ്ങളിലും പങ്കെടുക്കാനാകില്ലെന്ന് അറിയിച്ച് പ്രിയങ്ക അവധി എടുത്തിരുന്നുവെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വിശദീകരിച്ചു.
പ്രിയങ്കയ്ക്കു പാർട്ടി അവധി അനുവദിച്ചിട്ടുമുണ്ട്. ഇന്നലത്തെ വിശാല വർക്കിംഗ് കമ്മിറ്റിയിൽ 118 പേർ പങ്കെടുത്തു. 35 പേർ എത്തിയില്ല. ഇതിലൊരാളുടെ കാര്യത്തിൽ മാത്രം എന്താണു പ്രത്യേകതയെന്നായിരുന്നു എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശിന്റെ ചോദ്യം.
അടുത്ത ബന്ധുവിന്റെ ചികിത്സയെ സഹായിക്കാനായി വിദേശത്തേക്കു പോയതിനാലാണ് പ്രിയങ്ക ഗാന്ധി അഹമ്മദാബാദിലെ കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗത്തിലും എഐസിസി സമ്മേളനത്തിലും എത്താതിരുന്നതെന്നാണു വിശദീകരണം.
വഖഫ് ബില്ലിന്റെ ചർച്ചയ്ക്കും വോട്ടെടുപ്പിനും മുന്‍പായി വിദേശത്തേക്കു പോയ പ്രിയങ്ക എഐസിസി സമ്മേളനത്തിനു തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. വിദേശത്തുള്ള പ്രിയങ്ക 16ന് തിരിച്ചെത്തുമെന്ന് ഉന്നത നേതാവ് ദീപികയോട് വെളിപ്പെടുത്തി.
മഹാത്മാഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാർഷികവും സർദാർ പട്ടേലിന്റെ 150-ാം ജന്മവാർഷികവും പ്രമാണിച്ച് അഹമ്മദാബാദിൽ ഇന്നലെ നടന്ന കോണ്‍ഗ്രസിന്റെ വിശാല പ്രവർത്തകസമിതി യോഗത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അടക്കമുള്ള ഉന്നത നേതാക്കളെല്ലാം സജീവമായി പങ്കെടുത്തു.
അനാരോഗ്യംപോലും മറന്നാണ് സോണിയ, അംബിക സോണി തുടങ്ങിയവരും മുതിർന്ന നേതാക്കളായ സുശീൽ കുമാർ ഷിൻഡെ, കമൽനാഥ് അടക്കമുള്ളവരും ഇന്നലെ അഹമ്മദാബാദിലെ യോഗത്തിനെത്തിയത്.
കഴിഞ്ഞ വർഷം ഡിസംബറിൽ കർണാടകയിലെ ബെലഗാവിയിൽ നടന്ന കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ ആരോഗ്യകാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാതിരുന്നതിന് കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷയായ സോണിയാ ഗാന്ധി മാപ്പ് ചോദിച്ചിരുന്നു.
ബെലഗാവിയിൽ 1924ൽ നടന്ന വർക്കിംഗ് കമ്മിറ്റിയുടെ ശതാബ്ദി പ്രമാണിച്ചായിരുന്നു അന്നത്തെ സമ്മേളനം.