വിശാല വർക്കിംഗ് കമ്മിറ്റിയിൽ 118 പേരെത്തി, 35 പേർ വന്നില്ല
Wednesday, April 9, 2025 2:41 AM IST
അഹമ്മദാബാദ്: കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന വിശാല പ്രവർത്തക സമിതി യോഗത്തിൽ പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ വേദിയിലിരുന്നു.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ഡോ. ശശി തരൂർ, കൊടിക്കുന്നിൽ സുരേഷ് എന്നീ പ്രവർത്തകസമിതി അംഗങ്ങൾക്കുപുറമെ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കോണ്ഗ്രസ് പാർലമെന്ററി പാർട്ടി സെക്രട്ടറി എം.കെ. രാഘവൻ തുടങ്ങിയ മലയാളികൾ പങ്കെടുത്തു.
പ്രവർത്തകസമിതിയിലെ മുതിർന്ന അംഗം എ.കെ. ആന്റണിയും കേരളത്തിൽനിന്നുള്ള ലോക്സഭാംഗവും പ്രവർത്തക സമിതി അംഗവുമായ പ്രിയങ്ക ഗാന്ധിയും അസാന്നിധ്യംകൊണ്ടാണു ശ്രദ്ധിക്കപ്പെട്ടത്.
ഇവരടക്കം യോഗത്തിലേക്കു ക്ഷണിക്കപ്പെട്ട 35 പേർ ഇന്നലെ അനാരോഗ്യവും അസൗകര്യങ്ങളും മൂലം പങ്കെടുത്തില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് അറിയിച്ചു. പ്രവർത്തകസമിതി അംഗങ്ങൾ, സ്ഥിരം- പ്രത്യേക ക്ഷണിതാക്കൾ, പാർലമെന്ററി പാർട്ടി നേതാക്കൾ, മുഖ്യമന്ത്രിമാർ, പിസിസി അധ്യക്ഷന്മാർ, നിയമസഭാകക്ഷി നേതാക്കൾ എന്നിവരടക്കം 118 പേരാണ് ഇന്നലെ അഹമ്മദാബാദിൽ നടന്ന വർക്കിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത്. കേരള നേതാക്കളടക്കം 35 പേർ ചർച്ചകളിൽ പങ്കെടുത്തു സംസാരിച്ചു.
അഹമ്മദാബാദ് എഐസിസി: ഇന്നത്തെ പരിപാടി
സബർമതി നദീതീരത്ത് രാവിലെ 9.30ന്: പതാക ഉയർത്തൽ
9.40 മുതൽ: എഐസിസി സമ്മേളനം
10.00: കോണ്ഗ്രസ് അധ്യക്ഷന്റെ ഉദ്ഘാടനപ്രസംഗം
10.30: പ്രമേയങ്ങളുടെ ചർച്ച ഇടയ്ക്ക്: സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രസംഗിക്കും വൈകുന്നേരം 5.30ന്: സമാപന സമ്മേളനം