കോണ്ഗ്രസിൽ വൻ അഴിച്ചുപണി ഉടൻ
Wednesday, April 9, 2025 2:41 AM IST
അഹമ്മദാബാദ്: ഗുജറാത്തിലെ ചരിത്രപ്രധാന എഐസിസി സമ്മേളനത്തിനുശേഷം ജില്ലാ കോണ്ഗ്രസ് കമ്മിറ്റികൾ ഉൾപ്പെടെ പാർട്ടിയിൽ വിപുലമായ അഴിച്ചുപണി ഉണ്ടാകുമെന്ന് സംഘടനാച്ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
ദേശീയതലത്തിലും സംസ്ഥാന, ജില്ലാ തലങ്ങളിലും പുനഃസംഘടന വേഗം പൂർത്തിയാക്കാനാണു തീരുമാനം. ഗുജറാത്തിലെ ഡിസിസികളാകും ആദ്യം പുനഃസംഘടിപ്പിക്കുകയെന്ന് വേണുഗോപാൽ പറഞ്ഞു.
അതേസമയം, കേരളത്തിൽ പുതിയ പിസിസി പ്രസിഡന്റിനെ നിയമിക്കുന്ന കാര്യത്തിൽ ഇന്നത്തെ എഐസിസി സമ്മേളനത്തിൽ തീരുമാനമുണ്ടാകില്ലെന്ന് മറ്റൊരു മുതിർന്ന നേതാവ് വ്യക്തമാക്കി.
പാർട്ടിയുടെ പൊതുവായ പുനഃസംഘടനയുടെ ഭാഗമായി കേരളത്തിലും ഉചിതമായ സമയത്ത് അഴിച്ചുപണി നടക്കും. നിയമസഭാ തെരഞ്ഞെടുപ്പിനു മുന്പായി കേരളത്തിൽ പിസിസി അധ്യക്ഷനെ മാറ്റരുതെന്നാണ് നേരത്തേ ഏകദേശ ധാരണയിലെത്തിയത്. എന്നാൽ സാമുദായിക സമവാക്യങ്ങൾ പാലിച്ച് പുതിയ പ്രസിഡന്റിനെ ഉടൻ നിയമിക്കണമെന്നു ചില നേതാക്കൾ ഹൈക്കമാൻഡിൽ സമ്മർദം തുടരുന്നുണ്ട്.
വഖഫ് ബില്ലിനെ പൂർണമായി എതിർത്ത കോണ്ഗ്രസ് നിലപാടിനെത്തുടർന്ന് അകൽച്ചയിലായ കത്തോലിക്കാവിഭാഗത്തെ തണുപ്പിക്കാനായി കത്തോലിക്കനായ നേതാവിനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്നാണ് ഇവരുടെ വാദം.
കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷി ഇതിനെ അനുകൂലിച്ചെങ്കിലും കെ. സുധാകരനെ മാറ്റിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും തലവേദനയായിരുന്നു. ക്രൈസ്തവ, നായർ, ഈഴവ സമുദായങ്ങളിലെ പലരും ബിജെപിയോട് അടുപ്പം കൂടുന്നതു തടയാൻ കോണ്ഗ്രസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തണമെന്ന് ഇന്നലെ അഹമ്മദാബാദിലെത്തിയ കേരളത്തിലെ ചില മുതിർന്ന നേതാക്കൾ അഭിപ്രായപ്പെട്ടു.
കേരളം, കർണാടകം അടക്കമുള്ള സംസ്ഥാനങ്ങളിലെ ഡിസിസി തല പുനഃസംഘടനയും വൈകില്ല. അവശ്യമുള്ള ജില്ലകളിൽ പുതിയ ജില്ലാ പ്രസിഡന്റുമാരെ നിയോഗിക്കും. ഏതാനും വർഷങ്ങളായി ഡിസിസികൾ പ്രവർത്തനക്ഷമമല്ലാത്ത ഹരിയാന പോലുള്ള സംസ്ഥാനങ്ങളിലും പുതിയ ജില്ലാ പ്രസിഡന്റുമാരെയും കമ്മിറ്റികളെയും നിയോഗിക്കും.
15 വർഷത്തിനുശേഷം ഡൽഹിയിൽ നടത്തിയ ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിൽ ഉയർന്ന നിർദേശങ്ങളും ഇന്നത്തെ എഐസിസി സമ്മേളനത്തിലെ ചർച്ചകളും കണക്കിലെടുത്താകും അഴിച്ചുപണി നടത്തുക.
ജില്ലകളിലെ കോണ്ഗ്രസ് കമ്മിറ്റികളുടെയും ബ്ലോക്ക് കമ്മിറ്റികളുടെയും പ്രവർത്തനം സജീവമാക്കാതെ താഴെത്തട്ടിൽ പാർട്ടി പ്രവർത്തകരെ സജീവമാക്കാനാകില്ലെന്ന് കോണ്ഗ്രസ് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി. ഡിഡിഡി പുനഃസംഘടന പൂർത്തിയായാൽ പിസിസികളിലും എഐസിസിയിലും ആവശ്യമായ അഴിച്ചുപണി ഉണ്ടാകും.