ഗോധ്ര കേസ്: മൂന്നുപേർക്കുകൂടി ശിക്ഷ
Wednesday, April 9, 2025 1:05 AM IST
ഗോധ്ര: ഗുജറാത്തിലെ ഗോധ്രയിൽ ട്രെയിൻ കത്തിച്ച് 59 കർസേവകർ കൊല്ലപ്പെട്ട കേസിൽ, അന്നു പ്രായപൂർത്തിയാകാത്ത മൂന്നുപേരെ ജുവനൈൽ ജസ്റ്റീസ് ബോർഡ് (ജെജെബി) മൂന്നു വർഷം തടവിനു ശിക്ഷിച്ചു. ഇവർ മൂന്നു വർഷം റിമാൻഡ് ഹോമിൽ കഴിയണം. 10,000 രൂപ വീതം പിഴയും അടയ്ക്കണം.
രണ്ടുപേരെ ജെജെബി വിട്ടയച്ചു. ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനായി 30 ദിവസത്തേക്കു ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. കേസിൽ 2011ൽ വിചാരണക്കോടതി 31 പേരെ ശിക്ഷിച്ചിരുന്നു.
സബർമതി എക്സ്പ്രസ് ട്രെയിനിന്റെ എസ്-6 കോച്ചിനുനേരെ കല്ലെറിഞ്ഞ സംഘത്തിലുണ്ടായിരുന്നവരാണ് പുതുതായി ശിക്ഷിക്കപ്പെട്ട മൂന്നുപേരും. ഗോധ്ര സംഭവത്തോടെയാണ് ഗുജറാത്തിൽ കലാപം ആളിക്കത്തിയത്.