സെബയ്ക്ക് ആശ്വാസം: ഒരു വർഷത്തെ മരുന്ന് സൗജന്യമായി ലഭിക്കും
Wednesday, April 9, 2025 1:05 AM IST
ന്യൂഡൽഹി: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവരോഗത്തിനു വിധേയായ എറണാകുളം സ്വദേശി സെബയ്ക്ക് ആശ്വാസം.
ചികിത്സയ്ക്ക് ആവശ്യമായ ലക്ഷങ്ങൾ വിലവരുന്ന മരുന്നുകൾ ഒരു വർഷത്തേക്കുസൗജന്യമായി നൽകാമെന്ന് സ്വകാര്യ മരുന്ന് കന്പനിയായ റോച്ചെ സുപ്രീംകോടതിയെ അറിയിച്ചു. ഇതിനുള്ള അനുവാദം ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന നൽകി.
സെബയ്ക്ക് ആവശ്യമായ മരുന്ന് കേന്ദ്രസർക്കാർ നൽകണമെന്ന കേരള ഹൈക്കോടതി ഉത്തരവിനെതിരേ കേന്ദ്രം സമർപ്പിച്ച അപ്പീലാണ് സുപ്രീംകോടതി ഇന്നലെ പരിഗണിച്ചത്. എസ്എംഎ രോഗബാധിതർക്കുള്ള സഹായുമായി ബന്ധപ്പെട്ട ഹർജി സുപ്രീംകോടതി മറ്റൊരു ബെഞ്ചിലേക്ക് മാറ്റുകയും ചെയ്തു.
അപൂർവരോഗത്തിന്റെ ഒരു വർഷത്തെ മരുന്നിന് 72 ലക്ഷത്തോളം രൂപയാണു വേണ്ടിവരുന്നത്.സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്.
എന്നാൽ ഈ മരുന്നുകളുടെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചാൽ കേവലം 3000 രൂപയ്ക്ക് ഈ മരുന്ന് രോഗബാധിതർക്കു ലഭിക്കുമെന്നാണ് സെബയുടെ വാദം. ഈ വിഷയത്തിൽ അന്തർദേശീയ ആരോഗ്യവിദഗ്ധരുടെ കണ്ടെത്തലുകളടക്കം ഉൾപ്പെടുത്തിയായിരുന്നു കേന്ദ്രസർക്കാരിന്റെ പ്രതികരണത്തിനായി സെബ സുപ്രീകോടതിയെ സമീപിച്ചത്.
വില കുറച്ച് മരുന്ന് ലഭ്യമാക്കാൻ സാധ്യതയുള്ളപ്പോഴും അമിതമായി വില ഈടാക്കുന്നത് മൗലിക അവകാശ ലംഘനമാണെന്നാണ് സെബയുടെ ആരോപണം. എന്നാൽ ചികിത്സയ്ക്ക് കുറഞ്ഞ ചെലവിൽ മരുന്ന് എത്തിക്കണമെന്ന ആവശ്യത്തിൽ കേന്ദ്രസർക്കാർ ഇതുവരെയും അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.