കോൺഗ്രസ് നേതാവ് പ്രവേശിച്ച ക്ഷേത്രം ശുദ്ധിയാക്കി
Wednesday, April 9, 2025 1:05 AM IST
ജയ്പുർ: ആൽവാറിൽ രാമക്ഷേത്ര സമർപ്പണച്ചടങ്ങിൽ കോൺഗ്രസ് പ്രതിപക്ഷനേതാവ് ടിക്കാറാം ജുള്ളി പ്രവേശിച്ചതിനു പിന്നാലെ ക്ഷേത്രം ഗംഗാജലംകൊണ്ടു ശുദ്ധിയാക്കിയ ബിജെപി മുൻ എംഎൽഎ ഗ്യാൻദേവ് അഹൂജയെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നു പുറത്താക്കി.
ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദർ അഗർവാളാണ് അഹൂജയ്ക്ക് കാരണംകാണിക്കൽ നോട്ടീസ് അയച്ചത്.
മറുപടി തൃപ്തികരമല്ലാത്തതിനാലാണ് പുറത്താക്കിയതെന്ന് അഗർവാൾ പറഞ്ഞു. അതേസമയം, ബിജെപിയുടെ ദളിത് വിരുദ്ധതയാണ് ഇതിലൂടെ വെളിവാകുന്നതെന്നും നേതാക്കളെല്ലാം മാപ്പുപറയണമെന്നും മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ആവശ്യപ്പെട്ടു.
ജില്ലാ ഭരണകേന്ദ്രത്തിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധജാഥയിൽ അഹൂജയുടെ കോലം കത്തിച്ചു. ദളിതരോടുള്ള ബിജെപിയുടെ സമീപനത്തിൽ മാറ്റംവന്നിട്ടില്ലെന്നാണ് ഇതു കാണിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ആൽവാർ റൂറൽ മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗമാണ് ടിക്കാറാം ജുള്ളി. ആൽവാറിലെ രാംഗഡിൽനിന്നുള്ള മുൻ എംഎൽഎയാണ് അഹൂജ.