കർണാടകയിലും തെലുങ്കാനയിലും മത്സരിക്കാൻ പ്രിയങ്ക
സ്വന്തം ലേഖകൻ
Monday, January 15, 2024 1:37 AM IST
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി രണ്ടിടങ്ങളിൽ മത്സരിക്കും. നിലവിൽ കോണ്‍ഗ്രസ് ഭരണമുള്ള തെലുങ്കാനയിൽനിന്നും കർണാടകയിൽനിന്നും പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
കർണാടകയിലെ കൊപ്പൽ മണ്ഡലത്തിലും തെലുങ്കാനയിലെ മറ്റൊരു മണ്ഡലത്തിലും പ്രിയങ്ക മത്സരിച്ചേക്കുമെന്നാണ് എഐസിസി വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന റിപ്പോർട്ട്. ഇതുസംബന്ധിച്ച് കൊപ്പൽ മണ്ഡലത്തിൽ എഐസിസി നേതൃത്വം സർവേ നടത്തി. എന്നാൽ സർവേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പ്രാദേശിക നേതൃത്വത്തെ അറിയിച്ചിട്ടില്ല.
കർണാടകയിലെ എട്ട് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന പിന്നാക്ക ജില്ലകളിൽ ഒന്നാണ് കൊപ്പൽ. നിലവിൽ ആറ് നിയമസഭാ മണ്ഡലങ്ങളും കോണ്‍ഗ്രസിന്റെ ഒപ്പമാണ്. സർവേയിൽ കൊപ്പൽ സുരക്ഷിതമായ സീറ്റ് എന്നാണ് എഐസിസി നേതൃത്വത്തിന്റെ വിയിരുത്തൽ. നിലവിൽ കൊപ്പൽ മണ്ഡലത്തിൽ ബിജെപിയുടെ കാരാടി സങ്കണ്ണയാണ് എംപി.
1978ൽ കർണാടകയിലെ ചിക്ക്മംഗളൂരുവിൽനിന്ന് മത്സരിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി വൻ തിരിച്ചുവരവ് നടത്തിയിരുന്നു. 1999ൽ കർണാടകയിലെ ബെല്ലാരിയിൽനിന്ന് മത്സരിച്ച് സോണിയാ ഗാന്ധിയും ജയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പ്രിയങ്കാ ഗാന്ധിയെയും കർണാടകയിൽനിന്ന് മത്സരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുന്നത്. പ്രിയങ്കാ ഗാന്ധി കർണാടകയിൽനിന്ന് മത്സരിക്കുകയാണെങ്കിൽ സംസ്ഥാനത്ത് അത് വൻതോതിലുള്ള സ്വാധീനം ഉണ്ടാക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.