മണിപ്പുർ കലാപം: ഖാർഗെയും നഡ്ഡയും തമ്മിൽ കത്തിൽ കുത്ത്
Saturday, November 23, 2024 2:20 AM IST
ന്യൂഡൽഹി: മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട് കത്തെഴുതി കൊന്പുകോർത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും.
കലാപം അടിച്ചമർത്തുന്നതിൽ ബിജെപി സർക്കാരുകൾക്ക് വീഴ്ച സംഭവിച്ചെന്നു ചൂണ്ടിക്കാട്ടി ഖാർഗെ കഴിഞ്ഞദിവസം രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തെഴുതിയതിനു പിന്നാലെയാണ് കോണ്‍ഗ്രസിനെതിരേ രൂക്ഷ വിമർശനമടങ്ങിയ മറുപടിക്കത്തുമായി നഡ്ഡ രംഗത്തുവന്നത്. ഖാർഗെയുടെ ആരോപണങ്ങൾ പൂർണമായി തള്ളിയ നഡ്ഡ മണിപ്പുരിലെയും കേന്ദ്രത്തിലെയും മുൻ കോണ്‍ഗ്രസ് സർക്കാരുകളെ കത്തിൽ കുറ്റപ്പെടുത്തി.
18 മാസമായി മണിപ്പുരിൽ സംസ്ഥാനം പുനഃസ്ഥാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഖാർഗെ കഴിഞ്ഞദിവസം രാഷ്ട്രപതിക്ക് കത്തെഴുതിയത്.
രാഷ്ട്രപതിയുടെ ഇടപെടലിലൂടെ മണിപ്പുരിലെ ജനങ്ങൾക്ക് സുരക്ഷിതരായി കഴിയാനുള്ള സാഹചര്യം ഒരുക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംഘർഷം കൂടുതൽ സങ്കീർണമാക്കാനാണു കോണ്‍ഗ്രസിന്റെ ശ്രമമെന്ന് നഡ്ഡ ഖാർഗെയ്ക്ക് അയച്ച കത്തിൽ ആരോപിച്ചു. മുൻ കോണ്‍ഗ്രസ് സർക്കാരുകളുടെ തെറ്റായ നയതന്ത്രങ്ങളാണ് സംഘർഷം രൂക്ഷമാകുന്നതിനുള്ള പ്രധാന കാരണം.
മണിപ്പുരിലേക്കുള്ള അനിയന്ത്രിത കുടിയേറ്റം കോണ്‍ഗ്രസ് സർക്കാർ നിയമവിധേയമാക്കിയിരുന്നെന്നും അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം കുടിയേറ്റക്കാരുമായി കരാറുകളിലേർപ്പെട്ടിരുന്നുവെന്നും നഡ്ഡ കുറ്റപ്പെടുത്തി.
ഖാർഗെയുടെ കത്തിന് നഡ്ഡ നൽകിയ മറുപടിക്കത്തിനെ കോണ്‍ഗ്രസ് രൂക്ഷമായി വിമർശിച്ചു.ബിജെപി ദേശീയ അധ്യക്ഷന്റെ കത്ത് മുഴുവനും കള്ളങ്ങൾ നിറഞ്ഞതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന് മണിപ്പുർ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് എത്രനാൾ കൂടി പദവിയിൽ തുടരുമെന്നുമാണ് മണിപ്പുർ ജനത ചോദിക്കുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.