ജാർഖണ്ഡിൽ ഹേമന്ത് സോറൻ വ്യാഴാഴ്ച അധികാരമേൽക്കും
Monday, November 25, 2024 2:50 AM IST
റാഞ്ചി: ജാർഖണ്ഡിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കും. ഇന്നലെ മുന്നണി നേതാക്കൾ യോഗം ചേർന്ന് സോറനെ നേതാവായി ഐകകണ്ഠ്യേനെ തെരഞ്ഞെടുത്തു. ഇതോടെ സംസ്ഥാനത്ത് ഭരണത്തുടർച്ച ഉറപ്പാവുകയായിരുന്നു.
മുഖ്യമന്ത്രിസ്ഥാനം രാജിവച്ചശേഷം രാജ്ഭവനിലെത്തിയ സോറൻ സഖ്യകക്ഷികളുടെ പിന്തുണക്കത്ത് ഗവർണർ സന്തോഷ് കുമാർ ഗംഗ്വാറിന് കൈമാറി. സർക്കാർ രൂപീകരിക്കാൻ അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. അതുവരെ കാവൽമുഖ്യമന്ത്രിയായി സോറൻ തുടരും.
2000 നവംബർ 15നു ബിഹാറിനെ വിഭജിച്ച് രൂപീകൃതമായ ജാർഖണ്ഡിന്റെ പതിനാലാമതു മുഖ്യമന്ത്രിയാണ് ഹേമന്ത് സോറൻ. നാലാംതവണയാണ് സംസ്ഥാനത്തിന്റെ ഭരണനേതൃത്വത്തിലേക്ക് അദ്ദേഹം എത്തുന്നത്. 81 അംഗ സഭയിൽ ഹേമന്ത് സോറന്റെ നേതൃത്വത്തിൽ ഇന്ത്യാ മുന്നണി 56 സീറ്റുകളോടെയാണ് അധികാരത്തുടർച്ച ഉറപ്പിച്ചത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയ്ക്ക് 24 സീറ്റുകൾ ലഭിച്ചു.