ഭിന്നശേഷി സംവരണം: മാർഗനിർദേശങ്ങൾ പുറത്തിറക്കി കേന്ദ്രം
സ്വന്തം ലേഖകൻ
Monday, November 25, 2024 2:50 AM IST
ന്യൂഡൽഹി: ഭിന്നശേഷി സംവരണം ഏകീകൃതമാക്കാൻ കേന്ദ്രസർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. 40 ശതമാനമെങ്കിലും വൈകല്യമുള്ളവർക്ക് പുതിയ തസ്തികകൾ കണ്ടെത്തി നൽകി പിന്നീട് കമ്മിറ്റികൾ രൂപീകരിച്ചു പഠിക്കണമെന്നതാണ് കേന്ദ്രത്തിന്റെ പ്രധാന നിർദേശം.
ഭിന്നശേഷിക്കാർക്കുവേണ്ടി കണ്ടെത്തുന്ന പുതിയ തസ്തികകൾ അവർക്ക് അനുയോജ്യമാണെന്നു തോന്നിയാൽ അതിനുമുകളിലുള്ള എല്ലാ ഉന്നത തസ്തികകളിലും അവർക്ക് സംവരണമുണ്ടെന്ന് കേന്ദ്രം അറിയിച്ചു. 2016ലെ ഭിന്നശേഷി അവകാശ നിയമം നടപ്പാക്കുന്നതിൽ കേന്ദ്രീയ വിദ്യാലയ സംഗതൻ അടക്കമുള്ള ചില സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്ന് ഡൽഹി ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം. പുതിയ നിർദേശങ്ങളനുസരിച്ച് വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കമ്മിറ്റികളിൽ ഭിന്നശേഷി പ്രതിനിധികളുമുണ്ടാകും.
പുതിയ തസ്തികകളിൽ കാലാനുസൃതമായ മാറ്റം വരുത്താനും സാങ്കേതികപുരോഗതികൾ കൊണ്ടുവരാനും മൂന്നു വർഷത്തിലൊരിക്കൽ സമഗ്രമായ വിലയിരുത്തൽ നടത്താനും നിർദേശമുണ്ട്. ഭിന്നശേഷിക്കാർക്കുള്ള സംവരണജോലികൾ കൂടുതൽ കാര്യക്ഷമമാക്കാനും ഭിന്നശേഷിയുള്ളവർക്ക് നീതി ഉറപ്പാക്കാനും വേണ്ടിയാണ് പുതിയ മാർഗനിർദേശങ്ങൾ.