പാർലമെന്റ് സമ്മേളനം തിങ്കളാഴ്ച മുതൽ
Saturday, November 23, 2024 2:20 AM IST
സനു സിറിയക്
ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഡിസംബർ 20 വരെ നടക്കുന്ന സമ്മേളനത്തിൽ ചരക്കുഗതാഗതത്തിൽ തദ്ദേശ നിർമിത കപ്പലുകൾ പ്രോത്സാഹിപ്പിക്കുന്ന കോസ്റ്റൽ ഷിപ്പിംഗ് ബിൽ, തുറമുഖസംരക്ഷണം ഉറപ്പാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ പോർട്സ് ബിൽ തുടങ്ങിയ ബില്ലുകളും അവതരിപ്പിക്കും.
ലോക്സഭാ ബുള്ളറ്റിൻ അനുസരിച്ച് പുതിയ അഞ്ച് ബില്ലുകൾ സമ്മേളനത്തിൽ അവതരിപ്പിക്കും. ബാക്കി പത്തു ബില്ലുകൾ പരിഗണിക്കുകയും ചെയ്യും. വഖഫ് നിയമ ഭേദഗതി ബിൽ, അദാനി, മണിപ്പുർ തുടങ്ങിയ വിഷയങ്ങൾ സമ്മേളനം പ്രക്ഷുബ്ദമാക്കുമെന്നതിൽ സംശയമില്ല.
സമ്മേളനത്തിൽ ഭരണപക്ഷത്തിനെതിരേ പ്രയോഗിക്കാൻ നിരവധി ആയുധങ്ങളാണ് പ്രതിപക്ഷത്തിനുള്ളത്. അദാനിക്കെതിരേയുള്ള അമേരിക്കയുടെ കുറ്റപത്രവുമായി ബന്ധപ്പെട്ട വിഷയം പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്.
അദാനിയുടെ അറസ്റ്റും ജെപിസി അന്വേഷണവും രാഹുൽ ആവശ്യപ്പെട്ടു. എന്നാൽ ഇത് അംഗീകരിക്കാം സാധ്യതയില്ല. സെബി അധ്യക്ഷ മാധബി പുരി ബുച്ചിനെതിരേയുള്ള ഹിൻഡൻബർഗ് റിപ്പോർട്ടും ബിജെപിക്കെതിരേ പ്രതിപക്ഷം ആയുധമാക്കും.
പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് നാടകവുമായി ഇറങ്ങുമെന്നും ഇതിനെ ശക്തമായി എതിർക്കുമെന്നും ബിജെപി എംപിയും ദേശീയ വക്താവുമായ സാംബിത് പത്ര പറഞ്ഞതോടെ ചെറുത്തുനിൽപ്പിന് ബിജെപി തയാറായി എന്ന കാര്യവും വ്യക്തമായി.
പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നു വഖഫ് ഭേദഗതി ബിൽ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻതന്നെയാണു കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇവയ്ക്കു പുറമെ 15 ബില്ലുകൾകൂടി പാർലമെന്റിൽ അവതരിപ്പിക്കും. സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അവസാന യോഗമാണ് വ്യാഴാഴ്ച നടന്നതെന്നു വ്യക്തമാക്കിയ അധ്യക്ഷൻ ജഗദംബിക പാൽ റിപ്പോർട്ടിന്റെ കരട് രൂപം തയാറായെന്നും പറഞ്ഞിരുന്നു.
മൂന്നാം മോദി സർക്കാരിന്റെ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ മണിപ്പുർ വിഷയം പ്രതിപക്ഷ പാർട്ടികൾ ആയുധമാക്കിയിരുന്നു. ശീതകാല സമ്മേളനത്തിന് രണ്ടാഴ്ച മുന്പാണ് വീണ്ടും മണിപ്പുർ കലാപം ആളിക്കത്തുന്നത്. മണിപ്പുരിൽ ക്രമസമാധാനം നിലനിർത്താൻ ബിജെപി ഭരിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടതായുള്ള പ്രതിപക്ഷ ആരോപണം കടുക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കാത്തതും ലോകരാജ്യങ്ങളിലെ യുദ്ധം അവസാനിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പറയുന്ന മോദിക്ക് സ്വന്തം രാജ്യത്തെ കലാപം ഇല്ലാതാക്കാൻ സാധിക്കുന്നില്ലെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.