യുപി മസ്ജിദിൽ സർവേയിൽ പ്രതിഷേധം: മൂന്നു പേർ വെടിയേറ്റു മരിച്ചു; 20 പേർക്കു പരിക്ക്
Monday, November 25, 2024 2:50 AM IST
സംബാൽ: ഉത്തർപ്രദേശിലെ സംബാലിൽ ഷാഹി ജുമാ മസ്ജിദിൽ സർവേ നടത്തുന്നതിനെതിരേ ഒരുവിഭാഗം നടത്തിയ പ്രതിഷേധം അക്രമത്തിൽ കലാശിച്ചു. പ്രതിഷേധത്തിനിടെ മൂന്നുപേർ വെടിയേറ്റ് മരിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു.
നയിം, ബിലാൽ, ന്യുമാൻ എന്നിവരാണു കൊല്ലപ്പെട്ടത്. രണ്ടു സ്ത്രീകൾ ഉൾപ്പെടെ പത്തു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. മുഗൾഭരണകാലത്തു നിർമിച്ച മസ്ജിദ് ക്ഷേത്രമായിരുന്നുവെന്ന അവകാശവാദത്തെത്തുടർന്ന് കോടതിവിധിയുടെ അടിസ്ഥാനത്തിലാണു സർവേക്കു തീരുമാനിച്ചത്.
ഇന്നലെ രാവിലെ ആറോടെയാണു സര്‍വേസംഘം മസ്ജിദില്‍ എത്തിയത്. സര്‍വേ ആരംഭിച്ചു രണ്ട് മണിക്കൂറിനുശേഷം, സംഭവസ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. ഒരുസംഘം പോലീസ് വാഹനങ്ങള്‍ക്കും തീയിട്ടു. പ്രതിഷേധക്കാരെ നേരിടാന്‍ അയല്‍ ജില്ലകളില്‍നിന്ന് കൂടുതൽ സേനാംഗങ്ങളെ എത്തിച്ചു. നിരവധി വാഹനങ്ങൾക്കു തീവച്ച അക്രമികൾ പോലീസിനുനേരേ കല്ലേറ് നടത്തുകയും ചെയ്തു.
ലാത്തിച്ചാർജിലൂടെയും കണ്ണീർവാതകം ഉപയോഗിച്ചും ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പ്രതിഷേധക്കാരുടെ ഭാഗത്തുനിന്നാണ് വെടിയുതിർത്തതെന്ന് മൊറാദാബാദ് കമ്മീഷണർ ആഞ്ജനേയ കുമാർ സിംഗ് പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ വക്താവിന്റെ കാലിൽ വെടിയേറ്റു. ഇരുപതോളം പോലീസുകാർക്കും പരിക്കേറ്റു. അക്രമത്തിൽ ഒരു ഹെഡ്കോൺസ്റ്റബിളിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റെന്നും ഡെപ്യൂട്ടി കളക്ടറുടെ കാൽ ഒടിഞ്ഞുവെന്നും കമ്മീഷണർ അറിയിച്ചു. സർവേ ഉത്തരവിനെത്തുടർന്ന് പ്രദേശത്ത് ചൊവ്വാഴ്ചമുതൽ സംഘർഷാവസ്ഥ നിലവിലുണ്ടായിരുന്നു.
ചന്ദൗസിയിലെ സിവില്‍ സീനിയര്‍ ഡിവിഷന് കോടതിയില്‍ കഴിഞ്ഞ 19ന് ക്ഷേത്ര കമ്മിറ്റി അംഗങ്ങള്‍ നല്കിയ ഹര്‍ജിയിലാണ് സർവേ നടത്താൻ ഉത്തരവുണ്ടായത്. ജുമാ മസ്ജിദ് യഥാര്‍ഥത്തില്‍ ശ്രീഹരിഹര് ക്ഷേത്രമായിരുന്നുവെന്നും 1529ല്‍ മുഗള്‍ ചക്രവര്‍ത്തിയായ ബാബറിന്റെ ഭരണകാലത്ത് ഇതു മസ്ജിദാക്കി മാറ്റിയെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരേ രൂക്ഷവിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. തെരഞ്ഞെടുപ്പ് ക്രമക്കേടുകളിൽനിന്നു ജനശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി സർക്കാർ സംഘർഷം സൃഷ്ടിക്കുന്നതെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.