വീണ്ടും ഹേമന്തകാലം
Sunday, November 24, 2024 1:23 AM IST
റാഞ്ചി: ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റമെന്ന വിഷയം ഉയര്‍ത്തി ദേശീയവികാരം ആളിക്കത്തിക്കാനുള്ള ബിജെപി നീക്കം നിഷ്പ്രഭമാക്കി ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്റെ നേതൃത്വത്തില്‍ ‘ഇന്ത്യ’ സഖ്യത്തിനു തിളക്കമാര്‍ന്ന വിജയം. 81 അംഗ സഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സഖ്യം കേവലഭൂരിപക്ഷവും കടന്ന് 56 സീറ്റുകളിലാണു വിജയിച്ചത്.
24 സീറ്റുകളിലാണ് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വിജയിച്ചത്. ഒരു സീറ്റ് സ്വതന്ത്ര സ്ഥാനാർഥി സ്വന്തമാക്കി. ഹേമന്ത് സോറന്റെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയ്ക്കു (ജെഎംഎം) പുറമെ കോണ്‍ഗ്രസും രാഷ്ട്രീയജനതാദളും (ആര്‍ജെഡി) സിപിഐഎം(എല്‍) ലിബറേഷനുമാണ് ജാർഖണ്ഡിൽ ‘ഇന്ത്യ’ സഖ്യത്തിലുള്ളത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുമുന്‍പേ ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎ പ്രചാരണം ശക്തമാക്കിയിരുന്നുവെങ്കിലും പ്രതീക്ഷിച്ച ഫലം സ്വന്തമാക്കാൻ എൻഡിഎ ക്യാന്പിനു കഴിഞ്ഞില്ല. ഒട്ടേറെ വെല്ലുവിളികൾനേരിട്ടാണ് സോറൻ ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ജനാധിപത്യത്തിന്റെ പരീക്ഷ വിജയിച്ചുവെന്നായിരുന്നു ഹേമന്ത് സോറൻ വിജയത്തെക്കുറിച്ച് പ്രതികരിച്ചത്. ബർഹൈത്തിൽ ജനവിധി തേടിയ മുഖ്യമന്ത്രി സോറൻ 39,791 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എൻഡിഎയുടെ ഗാംലിയേൽ ഹെംബ്രോമിനെ കീഴടക്കിയത്. 2019ൽ സോറന്റെ ഭൂരിപക്ഷം 25,740 ആയിരുന്നു.
സോറനുമായി തെറ്റി തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി പാളയത്തിലെത്തിയ മുൻ മുഖ്യമന്ത്രി ചന്പൈ സോറൻ സെറൈകെല സീറ്റിൽ 20,447 വോട്ടുകൾക്കു വിജയിച്ചു. പ്രതിപക്ഷ നേതാവ് അമർ കുമാർ ബൗരിയ ചന്ദങ്കിയരി മണ്ഡലത്തിൽ ദയനീയ പരാജയം ഏറ്റുവാങ്ങി.
ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും ആരോഗ്യമന്ത്രി ബന്ന ഗുപ്ത, ജലവിഭവ മന്ത്രി മിഥിലേഷ് താക്കൂർ, വിദ്യാഭ്യാസ മന്ത്രി ബൈദ്യനാഥ് റാം, സാമൂഹികക്ഷേമ മന്ത്രി ബേബി ദേവി എന്നിവർ പരാജയപ്പെട്ടത് സോറനു തിരിച്ചടിയായി.