"ഇന്ത്യ'യെ വിടാതെ ജാർഖണ്ഡ്
Sunday, November 24, 2024 1:23 AM IST
റാഞ്ചി: ജാർഖണ്ഡിൽ ജെഎംഎം നേതൃത്വം നല്കുന്ന ഇന്ത്യ സഖ്യം മിന്നും വിജയത്തോടെ ഭരണം നിലനിർത്തി. 81 അംഗ നിയമസഭയിൽ സഖ്യത്തിന് 56 സീറ്റ് ലഭിച്ചു. ബിജെപി സഖ്യത്തിന് 24 സീറ്റാണു കിട്ടിയത്.
കേവല ഭൂരിപക്ഷത്തിനു വേണ്ടത് 41 പേരുടെ പിന്തുണയാണ്. ജെഎംഎമ്മിലെ ഹേമന്ത് സോറൻ വീണ്ടും മുഖ്യമന്ത്രിയാകും. ബർഹായ്ത് മണ്ഡലത്തിൽനിന്നാണ് ഹേമന്ത് സോറൻ തെരഞ്ഞെടുക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ കല്പന ഗാണ്ഡെയ് മണ്ഡലത്തിൽനിന്നു വിജയിച്ചു.
ജെഎംഎമ്മിന്റെ ആദിവാസി കാർഡ് ആണ് ഭരണത്തുടർച്ചയ്ക്കു കാരണം. ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റം അടക്കമുള്ള വിഷയങ്ങൾ ഉയർത്തി ബിജെപി പ്രചണ്ഡ പ്രചാരണം നടത്തിയെങ്കിലും വോട്ടർമാരിൽ അത് ഏശിയില്ല. ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാനുമായിരുന്നു ബിജെപിയുടെ പ്രചാരണത്തിനു നേതൃത്വം നല്കിയത്.
34 സീറ്റോടെ ജെഎംഎം നിയമസഭയിലെ വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസിന് 16 സീറ്റാണു കിട്ടിയത്. നാലു സീറ്റ് നേടി ആർജെഡി ഏവരെയും അദ്ഭുതപ്പെടുത്തി. ബിജെപിക്ക് 21 സീറ്റാണു കിട്ടിയത്.
എജെഎസ്യു, ജെഡി-യു, എൽജെപി എന്നീ സഖ്യകക്ഷികൾക്ക് ഓരോ സീറ്റ് ലഭിച്ചു. പത്തു സീറ്റിൽ മത്സരിച്ച എജെഎസ്യുവിന് ഒരിടത്തുമാത്രമാണു വിജയമുണ്ടായത്.
ആദിവാസിമേഖലകളിൽ ജെഎംഎം വൻ മുന്നേറ്റമാണു കാഴ്ചവച്ചത്. അവിടേക്കു കടന്നുകയറാൻ ബിജെപിക്കു കഴിഞ്ഞില്ല.
ജെഎംഎം വിട്ട് ബിജെപിയിലെത്തിയ മുൻ മുഖ്യമന്ത്രി ചംപയ് സോറനു കാര്യമായ ചലനമുണ്ടാക്കാനായില്ല. ചംപയ് സോറൻ സെരയ്കെല്ല മണ്ഡലത്തിൽനിന്നു തെരഞ്ഞെടുക്കപ്പെട്ടു.
ബിഹാറുമായി അതിർത്തിപങ്കിടുന്ന വടക്കൻ മേഖലയിലാണു ബിജെപിക്കു സീറ്റുകൾ ലഭിച്ചത്.
കക്ഷിനില /ജാർഖണ്ഡ്
ജെഎംഎം 34
ബിജെപി 21
കോണ്ഗ്രസ് 16
ആർജെഡി 4
സിപിഐ(എംഎൽ)(എൽ) 2
എജെഎസ് യു 1
എൽജെപി 1
ജെഎൽകെഎം 1
ജെഡി-യു 1