ഓംചേരി എൻ.എൻ. പിള്ള അന്തരിച്ചു
Saturday, November 23, 2024 2:21 AM IST
ന്യൂഡൽഹി: പ്രശസ്ത സാഹിത്യകാരൻ ഓംചേരി എൻ.എൻ. പിള്ള (100) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞു മൂന്നിന് ഡൽഹിയിലെ ലോധി ഗാർഡൻ ശ്മശാനത്തിൽ. കേരള സർക്കാരിന്റെ ഡൽഹിയിലെ ട്രാവൻകൂർ പാലസിൽ നാളെ രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ പൊതുദർശനമുണ്ടായിരിക്കും.
മലയാളസാഹിത്യത്തിനും ആധുനിക നാടകപ്രസ്ഥാനത്തിനും വലിയ സംഭാവനകൾ നൽകിയിട്ടുള്ള ഓംചേരിയുടെ അന്ത്യം ഇന്നലെ ഉച്ചയോടെ ഡൽഹിയിലെ സെന്റ് സ്റ്റീഫൻസ് ആശുപത്രിയിലായിരുന്നു. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
കഴിഞ്ഞവർഷം നവംബർ ഒന്നിന് അന്തരിച്ച പ്രശസ്ത സംഗീതജ്ഞയും എഴുത്തുകാരിയുമായ പത്മശ്രീ ലീലാ ഓംചേരിയാണു ഭാര്യ. ശ്രീറാം കണ്‍സോളിഡേറ്റഡ് കന്പനിയുടെ സിഇഒ ശ്രീദീപ് ഓംചേരി (എസ്.ഡി. ഓംചേരി) മകനും പ്രമുഖ നർത്തകിയും സംഗീത നാടക അക്കാഡമി അവാർഡ് ജേതാവുമായ ദീപ്തി ഓംചേരി ഭല്ല മകളുമാണ്.
ഓംചേരിയുടെ ഭൗതികശരീരം ഇന്നലെ വൈകുന്നേരത്തോടെ ഡൽഹി അശോക് വിഹാറിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചു.
കേരള സർക്കാരിനുവേണ്ടി ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് പുഷ്പചക്രം അർപ്പിച്ചു. ദീപികയ്ക്കുവേണ്ടി നാഷണൽ അഫയേഴ്സ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ അശോക് വിഹാറിലെ ഓംചേരിയുടെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.