90% സ്ട്രൈക്ക് റേറ്റുമായി ബിജെപി; തകർന്നടിഞ്ഞ് കോൺഗ്രസ്
Sunday, November 24, 2024 1:23 AM IST
മഹാരാഷ്ട്രയിൽ 90 ശതമാനത്തിനടുത്ത് സ്ട്രൈക്ക് റേറ്റോടെയാണു ബിജെപിയുടെ വിജയം. 149 സീറ്റുകളിൽ മത്സരിച്ച പാർട്ടി 132ൽ വിജയിച്ചു. പരാജയപ്പെട്ടത് വെറും 17 സീറ്റുകളിൽ മാത്രം. 26 ശതമാനത്തിനു മുകളിൽ വോട്ടും പാർട്ടി നേടി.
കൂടുതൽ സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിൽ ഒറ്റയ്ക്ക് ബിജെപി അധികാരത്തിലെത്തുമായിരുന്നു. എന്നാൽ, മഹായുതി സഖ്യം സുശക്തമാക്കുന്നതിന്റെ ഭാഗമായി ഏറ്റവും വിട്ടുവീഴ്ച ചെയ്തത് ബിജെപിയാണ്.
101 സീറ്റുകളിൽ മത്സരിച്ച് 16 സീറ്റിലേക്കു പതിച്ച കോൺഗ്രസാണ് ഏറ്റവും ദയനീയ പ്രകടനം നടത്തിയത്. മുൻ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ, പിസിസി അധ്യക്ഷൻ നാനാ പഠോളെ, പ്രതിപക്ഷനേതാവ് ബാലാസാഹെബ് തോറാട്ട് എന്നീ പ്രമുഖരെല്ലാം തോറ്റു.
നാഗ്പുർ നഗരം ഉൾപ്പെടുന്ന വിദർഭയിൽ മാത്രം ഏതാനും സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചു. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സീറ്റാണു കോൺഗ്രസ് നേടിയത്. എല്ലാ പാർട്ടികളും വെവ്വേറെ മത്സരിച്ച 2014ൽ പോലും കോൺഗ്രസിന് 42 സീറ്റുണ്ടായിരുന്നു.
മുംബൈ താനെ മേഖലയിൽ ഉദ്ധവ് പക്ഷത്തിനു വൻ തിരിച്ചടിയേറ്റു. യഥാർഥ ശിവസേന തങ്ങളുടേതാണെന്ന് ഷിൻഡെ പക്ഷം തെളിയിച്ചു. എൻസിപി ശരദ് പവാർ പക്ഷവും വൻ തിരിച്ചടിയാണു നേരിട്ടത്.
പരന്പരാഗത ശക്തികേന്ദ്രങ്ങളെല്ലാം അജിത് പക്ഷം കൈയടക്കി. ബാരാമതിയിൽ ഒരു ലക്ഷത്തിലേറെ വോട്ടിനാണ് അജിത് പവാർ വിജയിച്ചത്. 56 സീറ്റിൽ മത്സരിച്ച് 41 സീറ്റ് നേടിയ അജിത് പക്ഷമാണ് മഹായുതിയിൽ മിന്നും വിജയം നേടിയത്.
വിജയശില്പികൾ ഭൂപേന്ദർ യാദവും അശ്വിനി വൈഷ്ണവും
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡിയുടെ വന്പൻ വിജയത്തിനു ചുക്കാൻ പിടിച്ചത് കേന്ദ്രമന്ത്രിമാരായ ഭൂപേന്ദർ യാദവും അശ്വിനി വൈഷ്ണവും. കഴിഞ്ഞ വർഷം മധ്യപ്രദേശിൽ ബിജെപിയുടെ ഉജ്വല വിജയത്തിന്റെ ശില്പികളും ഇവരായിരുന്നു. ഏതാനും മാസങ്ങളായി ഇരു മന്ത്രിമാരും മഹാരാഷ്ട്രയിൽ ക്യാന്പ് ചെയ്ത് തന്ത്രങ്ങളൊരുക്കി. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെത്തുടർന്ന് കരുതലോടെയായിരുന്നു ബിജെപിയുടെ നീക്കങ്ങൾ.
ഭൂപേന്ദർ യാദവിനെ പ്രഭാരിയായും അശ്വിനി വൈഷ്ണവിനെ സഹ പ്രഭാരിയായും ബിജെപി നേതൃത്വം നിയമിച്ചു. പാർട്ടിയുമായി ഇടഞ്ഞുനിൽക്കുന്ന വിഭാഗങ്ങളെ അനുനയിപ്പിക്കാനും ഇരുവരും ശ്രമമാരംഭിച്ചു. ആർഎസ്എസിന്റെ ജനസന്പർക്ക പരിപാടികളും ബിജെപിക്കു തുണയായി. 2019ൽ ഭൂപേന്ദർ യാദവ് മഹാരാഷ്ട്രയിലെ സഹ പ്രഭാരിയായിരുന്നു.
ഗെയിം ചെയ്ഞ്ചർ ലഡ്കി-ബഹിൻ
മഹായുതി സഖ്യം വൻ ഭൂരിപക്ഷത്തിൽ അധികാരം ഉറപ്പിച്ച തെരഞ്ഞെടുപ്പിൽ ഗെയിം ചെയ്ഞ്ചറായി മാറിയത് ലഡ്കി-ബഹിൻ യോജന. ഏക്നാഥ് ഷിൻഡെ സർക്കാർ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സ്ത്രീകൾക്ക് നൽകിവന്ന സാമ്പത്തിക സഹായമായിരുന്നു മുഖ്യമന്ത്രി മജ്ഹി ലഡ്കി-ബഹിൻ യോജന. പ്രതിമാസം 1,250 രൂപയാണ് 2.5 ലക്ഷത്തിനു താഴെ പ്രതി ശീർഷവരുമാനമുള്ള സ്ത്രീകൾക്ക് സർക്കാർ ഓരോ മാസവും നൽകിവന്നത്.
വീണ്ടും അധികാരത്തിലെത്തിയാൽ ഇത് ഘട്ടംഘട്ടമായി 3000 രൂപയായി വർധിപ്പിക്കുമെന്നും ഷിൻഡെ പ്രഖ്യാപിച്ചിരുന്നു. ഇതോടെ സ്ത്രീകൾ കൂട്ടത്തോടെ പോളിംഗ് ബൂത്തിലേക്ക് എത്തിയെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധർ കരുതുന്നത്. ലഡ്കി ബഹിൻ പദ്ധതിക്ക് വൻപ്രചാരണം നൽകാൻ തെരഞ്ഞെടുപ്പിന് മുൻപ് സർക്കാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അർഹരായ 2.36 കോടിയിലധികം വരുന്ന ഗുണഭോക്താക്കൾക്ക് 7,500 രൂപ (ജൂലൈ മുതൽ നവംബർ വരെയുള്ള തുക) ഈ മാസം ആദ്യം നൽകുകയും ചെയ്തു. ഇതോടെ സ്ത്രീ വോട്ടർമാർ മഹായുതിക്കു വോട്ടുനൽകിയെന്നുവേണം കരുതാൻ. മറുവശത്ത്, പ്രതിമാസം 4,000 രൂപ സഹായം നൽകുന്ന മഹാലക്ഷ്മി യോജന പദ്ധതി മഹാ വികാസ് അഘാഡി അവതരിപ്പിച്ചെങ്കിലും ഏശിയില്ല.