ഉപതെരഞ്ഞെടുപ്പ് : യുപിയിലും രാജസ്ഥാനിലും ബിജെപിക്കു നേട്ടം, കർണാടകയിൽ തിരിച്ചടി
Sunday, November 24, 2024 1:23 AM IST
ന്യൂഡൽഹി: കേരളമടക്കം 13 സംസ്ഥാനങ്ങളിലെ 46 നിയമസഭാ മണ്ഡലങ്ങളിലേക്കും രണ്ടു ലോക്സഭാ സീറ്റുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കു നേട്ടം.
വയനാട്, നാന്ദേഡ് ലോക്സഭാ സീറ്റുകൾ കോൺഗ്രസ് നിലനിർത്തി. കർണാടകയിലെ മൂന്നു നിയമഭാ സീറ്റും നേടിയെന്നതാണ് കോൺഗ്രസിനുള്ള നേട്ടം. ബംഗാളിലെ ആറു സീറ്റും തൃണമൂൽ കോൺഗ്രസ് വൻ മാർജിനിൽ കൈയടക്കി.
യുപിയിലെ ഒന്പതു സീറ്റുകളിൽ ആറെണ്ണം ബിജെപിയും ഒരു സീറ്റ് സഖ്യകക്ഷിയായ ആർഎൽഡിയും നേടി. സമാജ്വാദി പാർട്ടിക്കു രണ്ടു സീറ്റ് കിട്ടി. കോൺഗ്രസ് യുപിയിൽ മത്സരിച്ചിരുന്നില്ല.
രാജസ്ഥാനിലെ ഏഴു സീറ്റുകളിൽ അഞ്ചെണ്ണം ബിജെപി നേടി. ഒരു സീറ്റ് ഭാരത് ആദിവാസി പാർട്ടിയും ഒരെണ്ണം കോൺഗ്രസും നേടി. ആസാമിലെ അഞ്ചു സീറ്റും ബിഹാറിലെ മൂന്നു സീറ്റും ബിജെപിയും സഖ്യകക്ഷികളും നേടി.
ഛത്തീസ്ഗഡ്, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഓരോ സീറ്റുകളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എല്ലായിടത്തും ബിജെപി വിജയിച്ചു. മേഘാലയയിൽ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയുടെ ഭാര്യ മെഹ്താബ് ചാന്ദീ അഗിടോക് സാംഗ്മ വിജയിച്ചു
. മധ്യപ്രദേശിലെ ബുധ്നി സീറ്റ് ബിജെപി നിലനിർത്തി. വിജയ്പുരിൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മന്ത്രി രാംനിവാസ് റാവത്ത് പരാജയപ്പെട്ടു. കോൺഗ്രസിലെ മുകേഷ് മൽഹോത്രയാണു വിജയിച്ചത്. പഞ്ചാബിലെ നാലു സീറ്റുകളിൽ എഎപി മൂന്നിടത്തും കോൺഗ്രസ് ഒരു സീറ്റിലും വിജയിച്ചു. നാലു മണ്ഡലങ്ങളിലും ബിജെപി മൂന്നാം സ്ഥാനത്താണ്.