മഹാരാഷ്ട്ര, ജാർഖണ്ഡ് ഫലപ്രഖ്യാപനം ഇന്ന്
Saturday, November 23, 2024 2:21 AM IST
മുംബൈ: മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഇന്ന്. മഹാരാഷ്ട്രയിൽ 288ഉം ജാർഖണ്ഡിൽ 81ഉം മണ്ഡലങ്ങളാണുള്ളത്. രണ്ടിടത്തും ബിജെപി സഖ്യത്തിനു മുൻതൂക്കമുണ്ടെന്നാണ് എക്സിറ്റ് പോൾ പ്രവചനം.
എന്നാൽ, ഇരു സംസ്ഥാനങ്ങളിലും തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്ന് ഇന്ത്യ സഖ്യം അവകാശപ്പെടുന്നു. മഹാരാഷ്ട്രയിൽ 145 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്; ജാർഖണ്ഡിൽ 42ഉം.
മഹാരാഷ്ട്രയിൽ ബിജെപി മുന്നണിയും ജാർഖണ്ഡിൽ ഇന്ത്യ സഖ്യവുമാണ് അധികാരത്തിലുള്ളത്. മഹാരാഷ്ട്രയിൽ 2019നെ അപേക്ഷിച്ച് അഞ്ചു ശതമാനം പോളിംഗ് വർധിച്ചത് ആരെ തുണയ്ക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയനേതാക്കൾ. മഹായുതി സഖ്യത്തിൽ ബിജെപിയാണ് ഏറ്റവുമധികം സീറ്റുകളിൽ മത്സരിച്ചത്-149. ശിവസേന (ഷിൻഡെ)-81, എൻസിപി (അജിത് പവാർ)-59 എന്നിങ്ങനെയാണ് മറ്റു പാർട്ടികൾ മത്സരിച്ച സീറ്റുകൾ. മഹാ വികാസ് അഘാഡിയിൽ കോൺഗ്രസ് 101 സീറ്റിൽ മത്സരിച്ചു. ശിവസേന (ഉദ്ധവ്)-95, എൻസിപി (ശരദ് പവാർ)-86 എന്നിങ്ങനെയാണ് മറ്റു പാർട്ടികളുടെ സീറ്റുകൾ. 150 മണ്ഡലങ്ങളിൽ പ്രമുഖ പാർട്ടികളുടെ വിമതർ മത്സരിച്ചിരുന്നു.
ജാർഖണ്ഡ് സംസ്ഥാനം രൂപവത്കരിച്ചശേഷമുള്ള ഏറ്റവും ഉയർന്ന പോളിംഗാണ് ഇത്തവണയുണ്ടായത്. 67.74 ശതമാനം പേരാണു സമ്മതിദാനാവകാശം വിനിയോഗിച്ചത്. ബിജെപി സഖ്യവും ജെഎംഎം സഖ്യവും ഒരേപോലെ വിജയം അവകാശപ്പെടുന്നു.