ഓംചേരിക്കു വിട
Monday, November 25, 2024 2:50 AM IST
ന്യൂഡൽഹി: മലയാള സാഹിത്യ-നാടക ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രഫ. ഓംചേരി എൻ.എൻ. പിള്ളയ്ക്കു വിടയേകി തലസ്ഥാനനഗരി.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ഡൽഹി ലോധി റോഡ് ശ്മശാനത്തിലായിരുന്നു സംസ്കാരം. മകൻ ശ്രീദീപ് ഓംചേരി ചിതയ്ക്കു തീകൊളുത്തി. രാഷ്ട്രീയ-സാമൂഹ്യ-സാഹിത്യ രംഗത്തെ നിരവധി പ്രമുഖർ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തു.
ഇന്നലെ രാവിലെ പത്തുമുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെ ട്രാവൻകൂർ പാലസിൽ പൊതുദർശനത്തിന് വച്ചതിനുശേഷമായിരുന്നു സംസ്കാരം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, സംസ്ഥാന പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, എംപിമാരായ ജോണ്‍ ബ്രിട്ടാസ്, എം.കെ. രാഘവൻ, കെ. രാധകൃഷ്ണൻ, കൊടിക്കുന്നിൽ സുരേഷ്, കെ.സി. വേണുഗോപാൽ, രാജ്മോഹൻ ഉണ്ണിത്താൻ, എൻ.കെ. പ്രേമചന്ദ്രൻ, ഇ. ടി. മുഹമ്മദ് ബഷീർ, എംഎൽഎമാരായ ആന്റണി രാജു, അഹമ്മദ് ദേവർകോവിൽ, ടൈസൻ മാസ്റ്റർ, എം. വിൻസന്റ്, റിട്ട.ജസ്റ്റീസ് കുര്യൻ ജോസഫ്, സംഗീത- നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി, കാർട്ടൂണ്‍ അക്കാദമി ചെയർമാൻ എൻ.ബി. സുധീർനാഥ്, മുൻ ചീഫ് സെക്രട്ടറി വി.പി. ജോയി, കേരള ഹൗസ് റസിഡന്റ് കമ്മീഷണർക്കുവേണ്ടി അഡീഷണൽ റസിഡന്റ് കമ്മീഷണർ ചേതൻ കുമാർ മീണ, സിപിഐ നേതാക്കളായ ഡി. രാജ, ആനി രാജ, മാധ്യമ പ്രവർത്തക യൂണിയൻ പ്രതിനിധികൾ തുടങ്ങിയവർ ആദരാഞ്ജലി അർപ്പിച്ചു.