മണിപ്പുരിലേക്ക് കൂടുതൽ അർധസൈനികർ
Sunday, November 24, 2024 1:23 AM IST
ന്യൂഡൽഹി: മണിപ്പുരിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ 2000 അർധസൈനിക വിഭാഗത്തെക്കൂടി സംസ്ഥാനത്തേക്ക് അയച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് മണിപ്പുരിൽ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥർ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
സൈന്യം, പോലീസ്, സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കടുത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാരുമായും എസ്പിമാരുമായും പ്രശ്നങ്ങൾ ചർച്ച ചെയ്തതായി മണിപ്പുർ സർക്കാരിന്റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് വ്യക്തമാക്കി.
കഴിഞ്ഞ പത്തു ദിവസത്തിനുള്ളിൽ അക്രമസംഭവങ്ങളുടെ എണ്ണം അതിവേഗം ഉയർന്നതു പരിഗണിച്ച് സംസ്ഥാനത്ത് 90000 അധിക അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും സൈന്യത്തെ എത്തിക്കാനാണു ശ്രമം.