അദാനിക്കെതിരായ കുറ്റപത്രം; അന്വേഷണം ആവശ്യപ്പെട്ട് ഹർജി
സ്വന്തം ലേഖകൻ
Monday, November 25, 2024 2:50 AM IST
ന്യൂഡൽഹി: ശതകോടീശ്വരനും വ്യവസായപ്രമുഖനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അമേരിക്ക ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ നടന്നത് ഇന്ത്യയിലായതിനാൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരിയാണു ഹർജി സമർപ്പിച്ചത്. അമേരിക്കയിലെ കോടതിയിൽ അമേരിക്കൻ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ (എസ്ഇസി) സമർപ്പിച്ച കുറ്റപത്രത്തിൽ ഇന്ത്യൻ ഏജൻസികൾ അന്വേഷണം നടത്തണമെന്നാണ് ഹർജിയിലെ ആവശ്യം.
അദാനി ഗ്രൂപ്പിനെതിരേ ഹിൻഡൻബർഗ് നടത്തിയ ആരോപണങ്ങളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം നൽകിയ ഹർജിയോടൊപ്പമാണ് നിലവിലെ ഹർജിയും ഫയൽ ചെയ്തിരിക്കുന്നത്.
ഹിൻഡൻബർഗ് ആരോപണങ്ങൾക്കെതിരേ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നടത്തുന്ന അന്വേഷണങ്ങളിലെ അപാകതയും പുതിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ഏപ്രിലിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അന്വേഷണറിപ്പോർട്ട് സെബി സമർപ്പിച്ചിട്ടില്ലെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഏജൻസികൾ അന്വേഷണം നടത്തണമെന്നു ഹർജിയിൽ ആവശ്യപ്പെടുന്നത്.
അദാനി ഗ്രീൻ എനർജി കന്പനി ഉത്പാദിപ്പിച്ച സൗരോർജം വിലയ്ക്കു വാങ്ങണമെന്നാവശ്യപ്പെട്ട് നാല് ഇന്ത്യൻ സംസ്ഥാനങ്ങളിലെ ഉന്നതർക്ക് കൈക്കൂലി നൽകിയെന്ന എസ്ഇസിയുടെ കുറ്റപത്രം ഗൗരവതരമാണെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞദിവസം ഗൗതം അദാനിക്കും സഹോദരപുത്രൻ സാഗർ അദാനിക്കും എസ്ഇസി സമൻസ് അയച്ചിരുന്നു. അമേരിക്കയുടെ ആരോപണങ്ങളിൽ 21 ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദിലെ അദാനിയുടെ വിലാസത്തിലേക്കായിരുന്നു നോട്ടീസ് അയച്ചത്.