ഗൂഗിൾമാപ്പ് വഴികാട്ടിയത് പണിതീരാത്ത പാലത്തിലൂടെ; കാർ താഴേക്കു വീണ് മൂന്നുപേർക്ക് ദാരുണാന്ത്യം
Monday, November 25, 2024 2:50 AM IST
ലക്നോ: യുപിയിലെ ബറെയ്ലിയിൽ പണിതീരാത്ത പാലത്തിൽനിന്നു താഴേക്കു വീണ കാറിലെ യാത്രികരായ മൂന്നുപേർക്ക് ദാരുണാന്ത്യം. മെയിൻപുരി സ്വദേശി കൗശൽകുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത്. ബറെയ്ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്കു കുറുകെ പണിയുന്ന പാലത്തിലായിരുന്നു അപകടം. ശനിയാഴ്ച രാത്രി നടന്ന അപകടത്തിന്റെ വിവരം ഇന്നലെ രാവിലെയാണ് പുറത്തറിഞ്ഞത്.
കാർ മണൽത്തിട്ടയിൽ വീണു തകർന്നനിലയിൽ ഇന്നലെ രാവിലെ പ്രദേശവാസികൾ കാണുകയായിരുന്നു. തുടർന്നുള്ള പരിശോധനയിലാണ് കാറിനകത്ത് മൂന്നുപേരെ മരിച്ചനിലയിൽ കണ്ടത്. ദതാഗഞ്ചിൽനിന്നു ഫരീദ്പുരിലേക്ക് പോകുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിൾ മാപ് ഉപയോഗിച്ച് വഴിനോക്കിയാണു പോയിരുന്നതെന്നും പോലീസ് കണ്ടെത്തി. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവർക്ക് അറിയാൻ സാധിച്ചില്ല. വേഗതയിൽ വന്ന കാർ പാലം അവസാനിക്കുന്നിടത്ത് നിർത്താൻ ഡ്രൈവർക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തിൽനിന്ന് 25 അടി താഴേക്കു വീണ് മൂവരും മരിക്കുകയായിരുന്നു.
നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം 2022ലെ പ്രളയത്തിൽ തകർന്നുപോയിരുന്നു. തുടർന്നാണ് പുനർനിർമാണം തുടങ്ങിയത്. എന്നാൽ, ഇതു പൂർത്തിയാക്കിയില്ല. പാലത്തിലേക്ക് കയറുന്നിടത്ത് മുന്നറിയിപ്പുകളോ മറ്റ് അടയാളങ്ങളോ ഇല്ലാത്തതും അപകടത്തിനു കാരണമായി.കാർ താഴേക്കു വീണ് മൂന്നുപേർക്ക് ദാരുണാന്ത്യം