കർണാടകയിൽ മൂന്നു സീറ്റിലും കോൺഗ്രസ്; എൻഡിഎയ്ക്കു തിരിച്ചടി
Sunday, November 24, 2024 1:23 AM IST
ബംഗളൂരു: കർണാടകയിൽ കോൺഗ്രസിന് വീണ്ടും കൈകൊടുത്തു ജനം. ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെയും ജെഡി-എസിന്റെയും ഓരോ സിറ്റിംഗ് സീറ്റുകൾ വീതം പിടിച്ചെടുത്തും പാർട്ടിയുടെ സിറ്റിംഗ് സീറ്റ് നിലനിർത്തിയുമാണ് കോൺഗ്രസിന്റെ മിന്നും ജയം. ഇതോടെ 224 അംഗ നിയമസഭയിൽ കോൺഗ്രസിന്റെ അംഗബലം 137 ആയി.
ഉപതെരഞ്ഞെടുപ്പിൽ കേന്ദ്ര ഘനവ്യവസായ-സ്റ്റീൽ വകുപ്പ് മന്ത്രികൂടിയായ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയും മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബസവ്രാജ് ബൊമ്മൈയുടെ മകൻ ഭരത് ബൊമ്മൈയും പരാജയപ്പെട്ടു.
ജെഡി-എസിന്റെ കോട്ടയും എച്ച്.ഡി.കുമാരസ്വാമി തുടർച്ചയായി ജയിച്ചുവരുന്നതുമായ ചന്നപട്ടണ മണ്ഡലത്തിൽ ബിജെപി വിട്ടു കോൺഗ്രസിലെത്തിയ സി.പി. യോഗേശ്വര 25,413 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നിഖിൽ കുമാരസ്വാമിയെ പരാജയപ്പെടുത്തിയത്.