ട്രെയിനുകളില്‍ വിതരണത്തിനുള്ള പഴകിയ ഭക്ഷണം പിടികൂടി
Thursday, May 15, 2025 2:03 AM IST
കൊച്ചി: വന്ദേഭാരത് അടക്കമുള്ള ട്രെയിനുകളിൽ ഭക്ഷണം എത്തിക്കുന്ന കാറ്ററിംഗ് സര്‍വീസിന്റെ പാചകപ്പുരയില്നിന്നു പഴകിയ ഭക്ഷണം പിടികൂടി. കടവന്ത്രയിൽ പ്രവര്‍ത്തിക്കുന്ന ഡല്‍ഹി കേന്ദ്രമായുള്ള സ്വകാര്യ കാറ്ററിംഗ് സ്ഥാപനമായ ബ്രിന്ദാവന് ഫുഡ് പ്രോഡക്ട്സ് കിച്ചണിൽനിന്നാണ് ഇന്നലെ രാവിലെ പഴകിയ ഭക്ഷണം പിടികൂടിയത്.
സ്ഥാപനത്തിനു ലൈസന്‍സില്ലെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.വി. സുരേഷ് വ്യക്തമാക്കി.
ഭക്ഷണം തയാറാക്കുന്നതിനിടെയായിരുന്നു പരിശോധന. വൃത്തിഹീനമായ സാഹചര്യത്തില്‍ പഴകിയ ഭക്ഷണപദാര്ഥങ്ങളുപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് തുറന്നു വച്ചിരിക്കുന്ന നിലയിലായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികള്‍ മാത്രമായിരുന്നു ഈസമയം സ്ഥലത്തുണ്ടായിരുന്നത്.
മേയറുടെ നിര്‍ദേശപ്രകാരം കോര്പറേഷന് ആരോഗ്യവിഭാഗം സ്ഥാപനം അടച്ചുപൂട്ടി സീല്‍ ചെയ്തു. മലിനജലം സമീപത്തുള്ള തോട്ടിലേക്ക് ഒഴുക്കിയിരുന്നതിനാല് 10,000 രൂപ പിഴയും ഈടാക്കി.
സ്ഥാപനത്തിലേക്കുള്ള വൈദ്യുതി കണക്ഷന് വിച്ഛേദിക്കുന്നതിന് വൈദ്യുതി ബോര്‍ഡിന് കത്ത് നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കടവന്ത്ര സര്‍ക്കിള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോര്പറേഷന് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പഴകിയ ഭക്ഷണത്തിന്റെ പേരില്‍ സ്ഥാപനത്തിനെതിരേ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയര്മാന് ടി.കെ. അഷ്റഫ് പറഞ്ഞു.
ഒരുലക്ഷം പിഴയിട്ട് റെയില്‍വേ; അന്വേഷിക്കാന്‍ ഉന്നത സമിതി
കൊച്ചി: പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടിയ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സ്വകാര്യ കാറ്ററിംഗ് സ്ഥാപനമായ കടവന്ത്രയിലെ ബ്രിന്ദാവന് ഫുഡ് പ്രോഡക്ട്സ് കിച്ചണിനെതിരേ ഒരുലക്ഷം രൂപ പിഴയീടാക്കി റെയില്‍വേ.
ശുചിത്വ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിനാണു പിഴ. ഐആര്‍സിടിസിയോട് ഇതുമായി ബന്ധപ്പെട്ട നടപടികളെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ റെയില്‍വേ വിശദമായ അന്വേഷണം നടത്തും.
റെയില്‍വേ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍, ഹെല്‍ത്ത് ഓഫീസര്‍, ഐആര്‍സിടിസി ഏരിയ മാനേജര്‍ എന്നിങ്ങനെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുക.