കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ ; സിപിഎമ്മിനു സിപിഐയുടെ താക്കീത്
Tuesday, May 13, 2025 6:23 PM IST
റെനീഷ് മാത്യു
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിനു മുന്പേ കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി നടപ്പാക്കണമെന്ന കർശന നിർദേശവുമായി സിപിഐ. പദ്ധതി നടപ്പാക്കിയില്ലെങ്കിൽ കർഷകവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു സിപിഐ സർക്കാരിനെ അറിയിച്ചു.
സിപിഐയുടെ കർഷകസംഘടനയായ കിസാൻസഭ പദ്ധതി നടപ്പാക്കത്തിനെതിരേ സമീപകാലത്ത് സമരവും നടത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്കു കാരണം കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി നടപ്പാക്കാത്തതാണെന്നു കിസാൻസഭ സംസ്ഥാന കൗൺസിൽ യോഗം വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെ സിപിഐ സംസ്ഥാന കമ്മിറ്റിയിലും പെൻഷൻ പദ്ധതി ചർച്ചയായിരുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും കൃഷിമന്ത്രി പി. പ്രസാദും മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ധനംവകുപ്പിന്റെ കടുത്ത എതിർപ്പു മൂലമാണ് പദ്ധതി നടപ്പാകാത്തതെന്നാണ് സിപിഐ ആരോപിക്കുന്നത്. പെൻഷൻ പദ്ധതി സർക്കാരിനു ബാധ്യതയാകുമെന്നാണു ധനവകുപ്പ് റിപ്പോർട്ട് നല്കിയിരിക്കുന്നത്.
പെൻഷൻ പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾ നടത്തേണ്ട ഓഫീസുകളുടെ പ്രവർത്തനവും ഫണ്ടില്ലാത്തതിനാൽ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2027 ജനുവരി മുതൽ കർഷക പെൻഷൻ പദ്ധതിയിൽ ചേർന്നവർക്ക് പെൻഷൻ കൊടുത്തുതുടങ്ങേണ്ടതാണ്. എന്നാൽ, തുകയിലും മറ്റാനുകൂല്യങ്ങൾ നല്കുന്നതിലും സർക്കാർ തീരുമാനം ഇതുവരെയും ആയിട്ടില്ല.
കർഷക ക്ഷേമനിധി പെൻഷനായുള്ള കർഷക രജിസ്ട്രേഷൻ ഓൺലൈൻ മുഖാന്തരം നടത്തുന്നതിനുള്ള സോഫ്റ്റ്വേർ 2021 ഡിസംബർ ഒന്നിനാണ് കൃഷിമന്ത്രി തുറന്നുകൊടുത്തത്. 20 ലക്ഷം പേരെ പ്രതീക്ഷിച്ചിടത്ത് ഇതുവരെ 20,000ത്തിൽ താഴെ രജിസ്ട്രേഷൻ മാത്രമാണ് പൂർത്തിയായിരിക്കുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തുടക്കമിട്ട കർഷക ക്ഷേമനിധി പെൻഷൻ പദ്ധതിയാണു തുടർഭരണത്തിനു കാരണമെന്നാണു സിപിഐ വിലയിരുത്തുന്നത്.